കേരള നിയമസഭയില്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നിന്നും ഇതുവരെയുള്ള മന്ത്രിമാര്‍ മൂന്ന്
ഒന്നാം മന്ത്രിസഭയില്‍ ധനമന്ത്രി സി. അച്യുതമേനോന്, 1987 ല്‍ ഭവനനിര്‍മാണ വകുപ്പ് മന്ത്രി ലോനപ്പന് നമ്പാടന്
ഇരിങ്ങാലക്കുട: കേരള നിയമസഭയില്‍ 1957 മുതല്‍ ഇതുവരെ ഇരിങ്ങാലക്കുട മണ്ഡലത്തെ പ്രതിനിധീകരിച്ചത് മൂന്നു മന്ത്രിമാര്‍. കേരളത്തിന്റെ പ്രഥമ മന്ത്രിസഭയിലെ ധനകാര്യമന്ത്രി സി. അച്യുതമേനോന് 1957 ല്‍ ഇരിങ്ങാലക്കുടയില്‍ നിന്നുമാണു മത്സരിച്ചു ജയിച്ചത്. കേരളത്തിന്റെ ആദ്യ ബജറ്റും അവതരിപ്പിച്ചത് ഇരിങ്ങാലക്കുടയില്‍ നിന്നുള്ള ഈ ജനപ്രതിനിധിയായിരുന്നു. ഇഎംഎസ് മുഖ്യമന്ത്രിപദം വഹിച്ച കേരളത്തിന്റെ ആദ്യ നിയമസഭയുടെ ആഭ്യന്തര മന്ത്രി സ്ഥാനവും സി. അച്യുതമേനോന് തന്നെയാണു വഹിച്ചിരുന്നത്. ഇദ്ദേഹം അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായിരുന്നു. തൃശൂര്‍ രാപ്പാള്‍ സ്വദേശിയായിരുന്നു. പിന്നീട് രണ്ടു തവണ മുഖ്യമന്ത്രി ആയിരുന്നുവെങ്കിലും ഇരിങ്ങാലക്കുട മണ്ഡലത്തിനു പുറത്തു നിന്നുമാണു വിജയിച്ചത്. ലോനപ്പന് നമ്പാടന് മാസ്റ്റര്‍ 1987 ല്‍ ഇരിങ്ങാലക്കുടയില്‍ നിന്നും ഇടതു സ്വതന്ത്രനായിട്ടായിരുന്നു മന്ത്രിസഭയിലെത്തിയത്. കെ. നായനാര്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ ഭവനനിര്‍മാണ വകുപ്പ് മന്ത്രി സ്ഥാനം വഹിച്ചത് നമ്പാടന് മാസ്റ്റര്‍ ആയിരുന്നു. കൊടകര സ്വദേശിയായിരുന്നു. നാലു തവണയാണു ലോനപ്പന് നമ്പാടന് ഇരിങ്ങാലക്കുട മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഇപ്പോള്‍ 2021 ല്‍ ഇരിങ്ങാലക്കുട ആദ്യ വനിതാ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട പ്രഫ. ആര്. ബിന്ദു കേരള മന്ത്രിസഭയിലെത്തുന്നു. ഇരിങ്ങാലക്കുട സ്വദേശിയായ ഒരാള്‍ ആദ്യമായി മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തുന്നു എന്നതും ആദ്യം. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിസ്ഥാനമാണ് പ്രഫ. ആര്. ബിന്ദുവിനു ലഭിക്കുന്നത്. ഒന്നാം കേരള നിയമസഭയിലെ തദ്ദേശസ്വയംഭരണം, പിന്നോക്ക വികസനം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്ന പി.കെ. ചാത്തന്മാസ്റ്റര് ഇരിങ്ങാലക്കുട സ്വദേശിയാണെങ്കിലും ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ചായിരുന്നു നിയമസഭയിലെത്തിയത്.
ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് സംഭാവന നല്കി