മെയിന്റ്റനന്സ് ട്രൈബ്യുണല്‍ ഇടപെട്ടു: വൃദ്ധസദനത്തില്‍ ഉപേക്ഷിച്ച അമ്മയെ മകള്‍ ഏറ്റെടുത്തു
ഇരിങ്ങാലക്കുട: എടത്തിരുത്തി പള്ളത്ത് വീട്ടില്‍ പുഷ്പാവതി എന്ന വിധവയും വയോധികയുമായ അമ്മയെ മക്കള്‍ സംരക്ഷിക്കാത്ത സാഹചര്യത്തില്‍ കൊടുങ്ങല്ലൂര്‍ ദയ അഗതിമന്ദിരത്തില്‍ കൈപ്പമംഗലം പോലീസും, പഞ്ചായത്ത് ജനമൈത്രി അംഗങ്ങളും ചേര്‍ന്ന് പ്രവേശിപ്പിച്ചിരുന്നു. ഒറ്റയ്ക്ക് കഴിഞ്ഞു വന്നിരുന്ന ഇവരെ അനാരോഗ്യത്താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മൂന്നു മക്കളില്‍ ആരും തന്നെ തയ്യാറാകാത്ത സാഹചര്യത്തില്‍ വാര്‍ഡ് മെമ്പറായ നിഖില്‍, ആശാവര്‍ക്കറും മാറി മാറി നിന്നാണ് പുഷ്പാവതിയെ പരിചരിച്ചിരുന്നത്. ഈ വിഷയം കുടുംബശ്രീ-സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്കില്‍ നിന്നും സര്‍വീസ് പ്രൊവൈഡര്‍ കെ.എന്‍ വിനീത സാമൂഹ്യനീതി വകുപ്പിന് കീഴില്‍ മുതിര്‍ന്നവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു വരുന്ന ജില്ലാ വയോക്ഷേമ കോള്‍ സെന്റ്ററിലേയ്ക്കും, ഇരിങ്ങാലക്കുട മെയിന്റ്റനന്സ് ട്രൈബ്യുണലിനേയും അറിയിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ സാഹചര്യത്തിലും, ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകുന്ന സാഹചര്യത്തിലും, മക്കളാരും തന്നെ ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ മുതിര്‍ന്ന പൗരയായ പുഷ്പവതിയുടെ താത്കാലിക സംരക്ഷണം ഉറപ്പാക്കി അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ മെയിന്റ്റനന്സ് ട്രൈബ്യുണലില്‍ നിന്നും നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നിര്‍ദ്ദേശപ്രകാരം ടെക്നിക്കല്‍ അസിസ്റ്റന്റ്റ് മാര്‍ഷല്‍.സി.രാധാകൃഷ്ണന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ”മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള ആക്ട് 2007” പ്രകാരം ഇരിങ്ങാലക്കുട മെയിന്റ്റനന്സ് ട്രൈബ്യുണല്‍ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. മെയിന്റ്റനന്സ് ട്രൈബ്യുണലിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇളയ മകളും മരുമകനും പുഷ്പാവതിയെ ദയ അഗതിമന്ദിരത്തില്‍ നിന്നും ഏറ്റെടുത്ത് വീട്ടില്‍ കൊണ്ടുപോവുകയായിരുന്നു. ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി പുഷ്പാവതിയെ ഉടന്‍ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റുമെന്നും ഇവര്‍ അറിയിച്ചു. സ്ഥിരമായ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിന് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്.ഡി.ഓ ഐ.ജെ മധുസൂദനന് അറിയിച്ചു.