കോവിഡ് പ്രതിസന്ധിയിൽ കാരുണ്യഹസ്തവുമായി ഹൃദയ പാലിയേറ്റീവ് കെയർ
ഇരിങ്ങാലക്കുട: കോവിഡ് മൂലം പ്രതിസന്ധിയിലായ രോഗികൾക്കു ഭക്ഷ്യ, സാനിറ്റൈസറിംഗ്, മെഡിസിൻ കിറ്റുകളുമായി ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് കെയർ. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ മേഖല കോ-ഓർഡിനേറ്റർമാരായ ജോർജ് പാലത്തിങ്കൽ, ആനി ആന്റോ, ഡേവിസ് കണ്ണമ്പിള്ളി എന്നിവർക്കു നൽകികൊണ്ട് കിറ്റിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. വികാരി ജനറാൾ മോൺ. ലാസർ കുറ്റിക്കാടൻ, ഡയറക്ടർ ഫാ. തോമസ് കണ്ണമ്പിള്ളി, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ഫ്രാങ്കോ പറപ്പുള്ളി, ഫാ. ഡിബിൻ അയിനിക്കൽ, ഫാ. വിമൽ പേങ്ങിപറമ്പിൽ, ഫാ. ടോം വടക്കൻ എന്നിവർ നേതൃത്വം നൽകി. ഇതോടൊപ്പം ഇരിങ്ങാലക്കുട രൂപതയുടെ പൊതുവായ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനു നേതൃത്വം നൽകുന്ന ഹൃദയ കോവിഡ് പോർട്ടലിലൂടെ ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ, ചാലക്കുടി അവാർഡ്, മേലഡൂർ ഇൻഫന്റ് ജീസസ് ആശുപത്രി എന്നിവയോടു ചേർന്ന് ആംബുലൻസ് സൗകര്യം, വിവിധ പ്രസ്ഥാനങ്ങൾ നൽകിയ ഓക്സിജൻ കോൺസൻട്രേറ്ററുകൾ ആവശ്യമുള്ള രോഗികൾക്കെത്തിക്കൽ, വിവിധ ആശുപത്രികളുടെ സഹകരണത്തോടെ കിടപ്പുരോഗികൾക്കും കോവിഡ് രോഗികൾക്കും ആവശ്യമായ ചികിത്സ സഹായം ഭവനങ്ങളിൽ എത്തിച്ചു നൽകൽ, കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകൽ, ഫോണിലൂടെ ഡോക്ടർ കൺസൾട്ടേഷൻ, കൗൺസിലിംഗ് ഒരുക്കിക്കൊടുക്കൽ തുടങ്ങിയ സഹായങ്ങൾ ഹൃദയ പാലിയേറ്റീവ് കെയർ ചെയ്തുകൊണ്ടിരിക്കുന്നതായി ബിഷപ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.