കോവിഡ് പ്രതിരോധത്തിനൊപ്പം മഴക്കാല പൂര്വശുചീകരണവുമായ് മുരിയാട് പഞ്ചായത്ത്
മുരിയാട്: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുരിയാട് കപ്പാറ പ്രദേശത്ത് ജെസിബി ഉപയോഗിച്ച് കാന വൃത്തിയാക്കുകയും റോഡിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുകയും ചെയ്തു. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ‘ശുചീകരണം നാം മുന്നോട്ട്’ പദ്ധതിയുടെ ഭാഗമായി 250 ല്‍ പരം ചെറുസംഘങ്ങള്‍ 17 വാര്‍ഡുകളിലായി 8000 വീടുകള്‍ സന്ദര്‍ശിച്ചു. വാര്‍ഡ് തലത്തില്‍ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശുചിത്വം, ആരോഗ്യം, അടിയന്തിര വെള്ളക്കെട്ട് ഒഴിവാക്കല്‍ തുടങ്ങിയവക്കായി 30,000 രൂപ അനുവദിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ മൂന്നു തലത്തിലുള്ള ‘മുരിയാട് ആര്‍മി’ ക്ക് രൂപം നല്കി. സംസ്ഥാന അടിസ്ഥാന സിവില്‍ ഡിഫന്‍സ് പരിശീലനം പൂര്‍ത്തിയാക്കിയവരുടെ നേതൃത്വത്തിലുള്ള കോര്‍ ടീം, സിവില്‍ ഡിഫന്‍സ് ജൂണിയര്‍ ടീമംഗങ്ങള്‍, മത്സ്യതൊഴിലാളികള്‍, നീന്തല്‍ വിദഗ്ദര്‍ തുടങ്ങിയവരടങ്ങുന്ന രണ്ടാംനിരയും വാര്‍ഡ് തലത്തില്‍ ആര്‍ആര്‍ടി അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന മൂന്നംഗസംഘം, ലൈഫ് ജാക്കറ്റ്, ലൈഫ്ബോട്ട്, ട്യൂബ്, ഫസ്റ്റ് എയ്ഡ് കിറ്റ്, വള്ളങ്ങള്‍, കപ്പിയും കയറും, വടം, വെട്ടുകത്തി, മരംവെട്ട് മെഷീന്, ജെസിബി തുടങ്ങിയ സാധനസാമഗ്രികളും തയാറാക്കുന്നുണ്ട്. ടോര്‍ച്ച്, കത്തി, സ്ക്രൂഡ്രൈവര്‍, ടെസ്റ്റര്‍, വിസില്‍, മെഴുകുതിരി, എമര്‍ജന്‍സി ലാബ്, പേന, ടെലിഫോണ്‍, ഫഌസ്ക് തുടങ്ങിയവ അടങ്ങുന്ന എമര്‍ജന്‍സി കിറ്റും തയാറാക്കിവരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും കപ്പാറ പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ കൂടിയായ കെ.യു. വിജയന് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി. ഇതുകൂടാതെ സ്ഥലത്തെ പഞ്ചായത്ത് കിണറിന്റെ കേടായ വല മാറ്റി പുതിയത് സ്ഥാപിക്കുകയും ചെയ്തു.