ഇല്ലിക്കല്‍ ഡാം റോഡ് ഇടിഞ്ഞിടത്ത് താത്കാലിക പണികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചു
സൗത്ത് ബണ്ട് ഇല്ലിക്കല്‍ ഡാം പരിസരത്ത് റോഡ് പുഴയിലേക്ക് ഇടിഞ്ഞ സ്ഥലത്ത് താത്കാലിക പണികള്‍ ആരംഭിക്കാത്തതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു
കരുവന്നൂര്‍: സൗത്ത് ബണ്ട് ഇല്ലിക്കല്‍ ഡാം പരിസരത്ത് റോഡ് പുഴയിലേക്ക് ഇടിഞ്ഞ സ്ഥലത്ത് താത്കാലിക പണികള്‍ ഇനിയും ആരംഭിക്കാത്തതില്‍ കോണ്‍ഗ്രസ് കാറളം, പൊറത്തിശേരി മണ്ഡലം കമ്മിറ്റികള്‍ പ്രതിഷേധിച്ചു. 2018 ലെ പ്രളയ സമയത്ത് പുഴയിലേക്ക് ഇടിഞ്ഞ റോഡ് ഇറിഗേഷന്‍ വകുപ്പ് അനാസ്ഥ മൂലം മൂന്നു വര്‍ഷം അതേ സ്ഥിതിയില്‍ കിടന്ന് പ്രദേശവാസികളുടെ ഭീതിക്ക് ഇടയാക്കിയിരുന്നു. ഈ വര്‍ഷം മെയ് ആദ്യവാരത്തില്‍ ഉണ്ടായ കനത്ത മഴയില്‍ റോഡ് അതേ സ്ഥലത്ത് വീണ്ടും ഇടിയുകയും പ്രതിഷേധം ശക്തമായപ്പോള്‍ മന്ത്രി ആര്. ബിന്ദു അടക്കമുള്ള ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് പരിഹാര നടപടികള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി റോഡ് കല്ല് കെട്ടി പണിയുന്ന പ്രധാന ജോലിക്ക് മുമ്പ് താത്കാലികമായി സ്ഥലത്ത് മണല്‍ ചാക്കുകള്‍ നിറച്ച് സംരക്ഷിക്കുന്ന ജോലികള്‍ തുടങ്ങുമെന്നു മുന്‍സിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ പ്രദേശവാസികളെ അറിയിച്ചിരുന്നു. പിന്നീട് സ്ഥലം സന്ദര്‍ശിച്ച ടി.എന്‍. പ്രതാപന് എംപിയുടെ സാന്നിധ്യത്തില്‍ താത്കാലിക പണികള്‍ അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്നു പ്രദേശവാസികള്‍ക്ക് കൗണ്‍സിലര്‍ ഉറപ്പ് നല്‍കിയിരുന്നു. എംപിയുടെ നിര്‍ദേശപ്രകാരം പിന്നീട് നടന്ന ഉദ്യോഗസ്ഥ ജനപ്രതിനിധി യോഗത്തില്‍ പ്രസ്തുത സ്ഥലത്ത് കല്ല് കെട്ടി സംരക്ഷിക്കാനുള്ള യാതൊരു പദ്ധതികളും ഇറിഗേഷന്‍ വകുപ്പ് സ്വീകരിച്ചിട്ടില്ല എന്ന സത്യം പുറത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ താത്കാലിക ജോലികളെങ്കിലും നടക്കുമെന്നു പ്രദേശവാസികള്‍ കരിതിയിരുന്നെങ്കിലും കുറച്ചു മണല്‍ ചാക്കുകള്‍ റോഡില്‍ നിരത്തി വെച്ചിരിക്കുന്നു എന്നല്ലാതെ യാതൊന്നും നടന്നില്ല. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബൈജു കുറ്റിക്കാടന്‍, ബാസ്റ്റിന് ഫ്രാന്‍സിസ് എന്നിവര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ റോഡ് വീണ്ടും ഇടിഞ്ഞു കൊണ്ടിരിക്കുകയാണെന്നും താത്കാലിക ജോലികളെങ്കിലും ഉണ്ടാകുമെന്നു പറഞ്ഞ വാര്‍ഡ് കൗണ്‍സിലര്‍ പ്രദേശവാസികളെ ഇനിയും ഭീതിയില്‍ നിര്‍ത്താതെ അത് എത്രയും പെട്ടന്ന് ആരംഭിക്കാനുള്ള നടപടികള്‍ക്കു മുന്‍കൈ എടുക്കണമെന്നും മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ. അബ്ദുള്ളക്കുട്ടി യോഗത്തില്‍ ആവശ്യപ്പെട്ടു. ചിന്ത ധര്മരാജന്, നിധിന് ടോണി, റാഫി എന്നിവര്‍ പ്രസംഗിച്ചു.