കാളിയെ പ്രാണപ്രതിഷ്ഠ ചെയ്ത നവകാലഘട്ടത്തില്‍ ആദ്യ പെണ് തന്ത്രിക്ക് വാഴ്സിറ്റി റാങ്ക്
ഇരിങ്ങാലക്കുട: സ്കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ ഭദ്രകാളിയുടെ പ്രാണപ്രതിഷ്ഠ നടത്തി താന്ത്രിക മേഖലയില്‍ ചരിത്രം കുറിച്ച ആദ്യത്തെ പെണ് തന്ത്രിക്ക് ബിരുദാനന്തര ബിരുദ പഠനത്തില്‍ സംസ്കൃതം സാഹിത്യത്തില്‍ കാഞ്ചീവരം ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വ മഹാ വിദ്യാലയ സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കി. കാട്ടൂര്‍ പൈങ്കണിക്കാവ് ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പത്മനാഭന് നമ്പൂതിരിയുടെയും അര്‍ച്ചന അന്തര്‍ജനത്തിന്റെയും മകളാണ്.
രണ്ടു വര്‍ഷം മുമ്പ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നടത്തിയ ബിഎ സംസ്കൃത വേദാന്ത പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയിരുന്നു. സ്ത്രീകള്‍ കൈവയ്ക്കാത്ത താന്ത്രിക മേഖലയിലേക്ക് ചരിത്രത്തിലാദ്യമായി തരണനെല്ലൂര്‍ ഇല്ലത്തെ ഒരു പെണ്‍കുട്ടി കടന്നുവന്നത് ചരിത്ര സംഭവമായിരുന്നു. 2010 ല്‍ കാട്ടൂര്‍ പൊഞ്ഞാനം പൈങ്കണ്ണിങ്കാവ് ക്ഷേത്രത്തിലാണ് ജ്യോത്സന ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കഠിന വ്രതനിഷ്ഠയില്‍ ഭദ്രകാളിയുടെ പ്രാണപ്രതിഷ്ഠ നടത്തി താന്ത്രിക ചരിത്രം തിരുത്തിയെഴുതിയത്. വല്യച്ചനും പ്രശസ്ത താന്ത്രികാചാര്യനുമായ ഇരിങ്ങാലക്കുട തരണനെല്ലൂര്‍ പടിഞ്ഞാറേ മനയ്ക്കല്‍ പത്മനാഭന് നമ്പൂതിരിപ്പാടായിരുന്നു പ്രാണപ്രതിഷ്ഠാ തന്ത്രശാസ്ത്ര ആചാര്യഗുരുവായി ജ്യോത്സനയെ നയിച്ചത്.