കോവിഡ് രോഗികള്‍ക്ക് സിപിഎം കാട്ടൂര്‍ ലോക്കല്‍ കമ്മിറ്റി നല്കുന്ന പോഷകാഹാര കിറ്റ് വിതരണത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു
കാട്ടൂര്‍: പഞ്ചായത്തില്‍ കോവിഡ് പോസിറ്റീവായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മുഴുവന്‍ രോഗികള്‍ക്കും അവരുടെ കുടുംബത്തിനും സിപിഎം കാട്ടൂര്‍ ലോക്കല്‍ കമ്മിറ്റി നല്കുന്ന പോഷകാഹാരങ്ങള്‍ അടങ്ങിയ കിറ്റ് വിതരണത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കാത്സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങളാണു കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഒരു ലിറ്റര്‍ പാല്, ഒരു കിലോ നേന്ത്രപ്പഴം, 10 കോഴിമുട്ട എന്നിവയാണു കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലേയും 120 ഓളം വരുന്ന കുടുംബങ്ങള്‍ക്കാണു വിതരണം നടത്തിയത്. സുമനസുകളുടെ സഹായത്തോടെ സ്വരൂപിച്ച തുക ഉപയോഗിച്ചാണു കിറ്റുകള്‍ ഒരുക്കുന്നത്. ആദ്യഘട്ടമായി ഫ്രൂട്സ് കിറ്റ് വിതരണം ചെയ്തിരുന്നു. കിറ്റ് വിതരണത്തിനു ധനസഹായം നല്‍കിയത് പരേതനായ മടത്തിപ്പറമ്പില്‍ സൈദ് മുഹമ്മദിന്റെ ഓര്‍മയ്ക്കായി മകന് സലീം, കരിപ്പറമ്പില്‍ ജോഷി ഹനീഫ, പുകസ സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന് ചെരുവില്‍ എന്നിവര്‍ ചേര്‍ന്നാണ്. ഇരിങ്ങാലക്കുട പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രനു കിറ്റ് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍.ബി. പവിത്രന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.വി. വിജീഷ്, ബ്രാഞ്ച് സെക്രട്ടറിമാരായ വിനോദ്, ഭാനുമതി, സനു ബാലന്, ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് ഷെഫീക്ക്, വാര്‍ഡ് മെമ്പര്‍മാരായ അനീഷ്, രമ ഭായ് ടീച്ചര്‍, സിപിഎം ഡിവൈഎഫ്ഐ മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.