പാരലല്‍ കോളജ് അധ്യാപകര്‍ക്കുള്ള ദ്വിദിന ഓണ്‍ലൈന്‍ പരിശീലനം നടത്തി
ഇരിങ്ങാലക്കുട: പാരലല്‍ കോളജ് അസോസിയേഷന്റെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലയിലെ പാരലല്‍ കോളജ് അധ്യാപകര്‍ക്കായി ഓണ്‍ലൈന്‍ പരിശീലനം നല്കി. രണ്ടു ദിവസങ്ങളിലായി ഗൂഗിള്‍ മീറ്റിലൂടെയാണു പരിശീലനം നടത്തിയത്. വിദ്യാര്‍ഥികളുമായി നേരിട്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ സാധിക്കുന്ന വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താന്‍ സാധിക്കുന്ന സോഫ്റ്റ്വെയറുകളിലും പരിശീലനം നല്കി. നൂറിലധികം അധ്യാപകര്‍ പങ്കെടുത്ത പരിശീലന പ്രോഗ്രാമിന്റെ സമാപനം സംസ്ഥാന പാരലല്‍ കോളജ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജിജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രീതികളില്‍ മാറ്റം വരുമ്പോള്‍ ആ മാറ്റങ്ങള്‍ക്കനുസരിച്ച് കാര്യക്ഷമമായി ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ അധ്യാപകരെ പ്രാപ്തരാക്കുന്ന പരിശീലന സെമിനാറിനു നേതൃത്വം നല്കിയ തൃശൂര്‍ ജില്ലാ കമ്മിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു. വരും ദിനങ്ങളില്‍ മറ്റു ജില്ലകളിലെ പാരലല്‍ കോളജ് അധ്യാപകര്‍ക്കും പരിശീലനം നല്കുമെന്നു അദ്ദേഹം അറിയിച്ചു. ആദ്യദിവസത്തെ പരിശീലന പ്രോഗ്രാം സംസ്ഥാന സെക്രട്ടറി എ.ജി. രാജീവന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പ്രോഫിന് പോള്‍, ജില്ലാ ട്രഷറര്‍ ടി.ഡി. ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു. വിനോദ് മാസ്റ്റര്‍, ബഷീര്‍ മാസ്റ്റര്‍ എന്നിവരാണ് വിവിധ വിഷയങ്ങളില്‍ അധ്യാപകര്‍ക്കു പരിശീലനം നല്‍കിയത്.