പ്രതിരോധത്തിന് സുഗന്ധം പകര്‍ന്ന് ഗ്രീന്‍ മുരിയാടിന്റെ മഞ്ഞ പ്രസാദമാരംഭിച്ചു
മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ കാര്‍ഷിക വ്യാപന പദ്ധതിയായ ഗ്രീന്‍ മുരിയാടിന്റെ ഭാഗമായി ഇഞ്ചി, മഞ്ഞള്‍ കൃഷിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ 1700 വീടുകളിലാണു ഇഞ്ചി, മഞ്ഞള്‍ കൃഷി വ്യാപിപ്പിക്കുന്നത്. ആനന്ദപുരത്ത് ഒന്നാം വാര്‍ഡില്‍ വച്ച് നടന്ന ചടങ്ങില്‍ ഗ്രീന്‍ മുരിയാട് മഞ്ഞള്‍ പ്രസാദം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഈ മഹാമാരിയുടെ കാലഘട്ടത്തില്‍ കൃഷിയെ നെഞ്ചേറ്റുന്ന സംസ്കൃതി മുരിയാടിന്റെ തനത് സവിശേഷതയാണെന്നും ഗ്രീന്‍ മുരിയാട് മാതൃകാ പദ്ധതിയാണെന്നും പി.കെ. ഡേവിസ് മാസ്റ്റര്‍ പറഞ്ഞു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത ചന്ദ്രന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി. പ്രശാന്ത്, കെ.യു. വിജയന്, രതി ഗോപി, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, ലിജി വത്സന്, ശ്രീജിത്ത് പട്ടത്ത്, സരിത സുരേഷ്, നിഖിത അനൂപ്, സേവ്യര്‍ ആളൂക്കാരന്‍, മണി സജയന്, പഞ്ചായത്ത് സെക്രട്ടറി പ്രജീഷ്, കൃഷി ഓഫീസര്‍ രാധിക എന്നിവര്‍ പ്രസംഗിച്ചു. വിവിധ വാര്‍ഡുകളിലായാണ് ഇഞ്ചി, മഞ്ഞള്‍ വിതരണം നടത്തുന്നത്.