മാതാപിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥിയുടെ സംരക്ഷണം എറ്റെടുക്കാന്‍ തയ്യാറായി ദമ്പതികള്‍;
16 കാരന്റെ സങ്കടങ്ങളെക്കുറിച്ചറിഞ്ഞത് മന്ത്രി ഡോ. ആര് ബിന്ദു പങ്ക് വച്ച വാര്‍ത്തയിലൂടെ;
ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ച് മാതാപിതാക്കളും അപ്പൂപ്പനും അമ്മൂമ്മയും നഷ്ടപ്പെട്ട പതിനാറുകാരന്റെ സംരക്ഷണം എറ്റെടുക്കാന്‍ തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ തയ്യാറായി. തിരുവനന്തപുരം നന്തന്‍കോട് കോര്‍ഡിയല്‍ കൊറോണ ത്രിഡി ഫ്ളാറ്റില്‍ താമസിക്കുന്ന റിട്ട. സെയില്‍സ് ടാക്സ് കമ്മീഷണര്‍ പ്രകാശ് സാമുവലും ഭാര്യ റിട്ട ബാങ്ക് ഉദ്യോഗസ്ഥ സൂസന് പണിക്കരുമാണ് വേളൂക്കര പഞ്ചായത്തില്‍ കൊറ്റനെല്ലൂര്‍ തട്ടില്‍ ജോണ്‍സന്റെയും ബിന്ദുവിന്റെയും മകനായ ഏന്ലിന്റെ സംരക്ഷണവും വിദ്യാഭ്യാസ ചിലവും എറ്റെടുക്കാനും ഭാവി ജീവിതം സുഭദ്രമാക്കാനും തയ്യാറായി മുന്നോട്ട് വന്നിട്ടുള്ളത്.
ഇത് സംബന്ധിച്ച് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു പങ്ക് വച്ച വാര്‍ത്തയിലൂടെയാണ് 16 കാരന്റെ സങ്കടങ്ങളെക്കുറിച്ച് പ്രകാശ് സാമുവല്‍ അറിഞ്ഞത്. തുടര്‍ന്ന് വി കെ പ്രശാന്ത് എംഎല്‍എ വഴി മന്ത്രിയെ ബന്ധപ്പെടുകയും വെളയനാടുള്ള എന്ലിന്റെ വീട്ടില്‍ നേരിട്ട് എത്തുകയുമായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് മകള്‍ നഷ്ടപ്പെട്ട പ്രകാശ്-സൂസന് ദമ്പതികള്‍ കഴിഞ്ഞ വര്‍ഷം രക്ഷിതാക്കള്‍ നഷ്ടപ്പെട്ട മറ്റൊരു വിദ്യാര്‍ഥിയുടെ വിദ്യാഭ്യാസ ചിലവുകള്‍ എറ്റെടുത്തിട്ടുണ്ട്. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളിലും ദമ്പതികള്‍ സജീവമാണ്. എന്ലിനെ മകനായി സ്വീകരിക്കാനും മുഴുവന്‍ പഠന ചിലവുകള്‍ വഹിക്കാനും തയ്യാറായാണെന്നും വിദ്യാര്‍ഥിയുടെ താല്പര്യങ്ങള് അനുസരിച്ചും ബന്ധുക്കളുമായി സംസാരിച്ചും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പ്രകാശ് സാമുവല്‍ പറഞ്ഞു. മാതാപിതാക്കള്‍ നഷ്ടപ്പെട്ട 16 കാരന്റെ ഭാവി ഉറപ്പാക്കാന്‍ രംഗത്ത് വരുന്നതിലൂടെ സാമൂഹിക ഉത്തരവാദിത്വമാണ് പ്രകാശ് സാമുവല്‍-സൂസന് ദമ്പതികള്‍ നിറവേറ്റുന്നതെന്ന് മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സജീവന് മാസ്റ്റര്‍, പഞ്ചായത്ത് അംഗം വിന്‍സെന്റ് കാനംകുടം, എന്‍.കെ അരവിന്ദാക്ഷന്‍മാസ്റ്റര്‍, പി ശ്രീരാമന്, ആര്.കെ സുരേഷ്, റിതിക് ബാബു, ആദര്‍ശ് അഗസ്റ്റിന് എന്നിവരും ഒപ്പമുണ്ടായിരുന്നു.