തുല്യനീതി ആരുടെയും ഔദാര്യമല്ല അവകാശമാണ്: മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: എല്ലാ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കും തുല്യനീതി ലഭിക്കണം, ആര്‍ക്കും നീതിനിഷേധമുണ്ടാകരുത്. ഭരണഘടന അനുവദിച്ചിട്ടുള്ള തുല്യനീതിയും നിയമത്തിനു മുന്നിലെ സമത്വവും ആരുടെയും ഔദാര്യമല്ല, എല്ലാവരുടെയും അവകാശമാണ്. ഇതാണ് ന്യൂനപക്ഷാവകാശങ്ങള്‍ സംബന്ധിച്ചു സഭയുടെ നിലപാടെന്നു മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളുടെ വിതരണത്തില്‍ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സ്വീകരിച്ചിട്ടുള്ള 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട രൂപത മുഖപ്രതമായ കേരളസഭ നടത്തിയ വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ക്രൈസ്തവര്‍ക്ക് തുല്യനീതി അനുവദിക്കുന്നതിനെ രാഷ്ട്രീയ, വര്‍ഗീയ, വൈകാരിക കാഴ്ചപ്പാടോടെ സമീപിക്കരുത്. കേരളത്തില്‍ മതസൗഹാര്‍ദത്തിനു വേണ്ടി എക്കാലത്തും നിലകൊണ്ടിട്ടുള്ളവരാണ് ക്രൈസ്തവ സമൂഹം. സാമൂഹിക നീതി ഉറപ്പാക്കുമ്പോള്‍ മതവിഭാഗങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം തകരുമെന്നു പറയുന്നതിനെ അംഗീകരിക്കാനാവില്ല. എല്ലാ ന്യൂനപക്ഷങ്ങളുടെയും സമത്വം ഉറപ്പാക്കുമ്പോള്‍ തന്നെ, ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ എണ്ണം കുറയുന്ന സാഹചര്യം കണക്കിലെടുത്ത് അവരോട് സര്‍ക്കാര്‍ കരുതലോടെ ഇടപെടണം. ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ വിവിധ സമിതികളിലും സ്യൂനപക്ഷ കമ്മിഷനിലും സ്കോളര്‍ഷിപ്പുകള്‍, ക്ഷേമനിധികള്‍ തുടങ്ങിയ ആനുകൂല്യങ്ങളിലും ക്രൈസ്തവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യവും നീതിയും സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട രൂപത ക്രിസ്ത്യന്‍ ന്യൂനപക്ഷ അവകാശ ഫോറം ചെയര്മാന് മോണ്‍. ജോയ് പാല്യേക്കര അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളുടെയും മറ്റു ആനുകൂല്യങ്ങളുടെയും ക്ഷേമപദ്ധതികളുടെയും വിതരണത്തില്‍ നിലനില്‍ക്കുന്ന വിവേചനം അവസാനിപ്പിക്കുന്നതാണു ഇപ്പോഴുണ്ടായിട്ടുള്ള ഹൈക്കോടതി വിധി. സുപ്രധാനമായ ഈ വിധി എത്രയും വേഗം സര്‍ക്കാര്‍ നടപ്പാക്കണം. ന്യൂനപക്ഷക്ഷേമ വകുപ്പിലും കമ്മിഷനിലും തിരുത്തലുകള്‍ നടത്താനും ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളുടെയും ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും വിതരണത്തിലുള്ള വിവേചനം അവസാനിപ്പിക്കാനും മുഖ്യമ്രന്തി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്നും മോണ്‍. ജോയ് പാല്യേക്കര ആവശ്യപ്പെട്ടു. ക്രൈസ്തവ ന്യൂനപക്ഷ അവകാശങ്ങളുടെ കാര്യത്തില്‍ തൃശൂര്‍ ബിഷപായിരുന്ന മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ വാക്കുകള്‍ ഇന്നും ഏറെ പ്രസക്തമാണെന്ന് മോണ്‍. ജോയ് പാല്യേക്കര പറഞ്ഞു. ന്യൂനപക്ഷാവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ വരുന്നവരെ മഴുത്തായ കൊണ്ടു നേരിടണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ക്രൈസ്തവരെ ചവിട്ടിമെതിച്ച് കേരളത്തില്‍ ഒരു ഭരണകൂടത്തിനും നിലനില്ക്കാനാവില്ലെന്ന് അദ്ദേഹം നല്കിയ മുന്നറിയിപ്പിന്റെ പ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ല. ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളുടെ വിവേചനാപൂര്‍ണമായ വിതരണത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയ അഡ്വ. ജസ്റ്റിന് പള്ളിവാതുക്കല്‍, സീനിയര്‍ അഡ്വ. രാജു ജോസഫ്, സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മിഷന് അസിസ്റ്റന്റ് സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍ എന്നിവര്‍ പ്രഭാഷണം നടത്തി. കേരളസഭാ ചീഫ് എഡിറ്റര്‍ ജോസ് തളിയത്ത് മോഡറേറ്റായി. കേരളസഭ മാനേജിംഗ് ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, ഫാ. നൗജിന് വിതയത്തില്‍, ഫാ. ജിനോ മാളക്കാര്‍ എന്നിവര്‍ പ്രസംഗിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടിന്റോ കൊടിയന്‍ എന്നിവര്‍ പ്രസംഗിച്ചു.