കര്‍ഷകര്‍ക്ക് ഉത്പന്ന വിപണനത്തിനായി വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വെര്‍ച്വല്‍ ചന്ത
കോണത്തുകുന്ന്: കോവിഡ് കാലത്ത് കര്‍ഷകര്‍ക്ക് ഉത്പന്ന വിപണനത്തിനായി വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വെര്‍ച്വല്‍ ചന്ത. ഓണവിപണികൂടി മുന്നില്‍ കണ്ടാണ് വെര്‍ച്വല്‍ ചന്ത എന്ന ആശയം നടപ്പിലാക്കിയത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമായും കുടുംബശ്രീ പ്രവര്‍ത്തകരുമായും സഹകരിച്ചാണ് കര്‍ഷകരെയും ഉപഭോക്താക്കളെയും വെര്‍ച്വല്‍ പ്ലാറ്റ് ഫോമില്‍ ഏകോപിപ്പിക്കുന്നത്. വെബ്സൈറ്റും ഇതിനായി നിര്‍മിച്ചിട്ടുണ്ട്. ചെറുകിട കര്‍ഷകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായ സലിം രായന് മരക്കാര്‍, മുന്ന ജയന് എന്നിവരുടെ ആശയമാണു പഞ്ചായത്ത് ഏറ്റെടുത്ത് സൗജന്യമായി കര്‍ഷകര്‍ക്ക് ലഭ്യമാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് പദ്ധതി ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വെര്‍ച്വലായി വിറ്റഴിക്കാന്‍ കര്‍ഷകരെ കുടുംബശ്രീ അംഗങ്ങള്‍ സഹായിക്കും. ഉത്പന്നങ്ങളുടെ ഫോട്ടോയും വിശദാംശങ്ങള്‍, വില എന്നിവയും വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ കഴിയും. കര്‍ഷകന്റെ ലൊക്കേഷനും ഫോണ്‍ നമ്പറും സൈറ്റിലുണ്ടാകും. കര്‍ഷക സൊസൈറ്റികളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെ ഭാവിയില്‍ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ നേരിട്ട് വിപണനം ചെയ്യാനും പഞ്ചായത്തിനു പദ്ധതിയുണ്ട്. തദ്ദേശീയമായ പ്രമുഖ ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ ലേലം നടത്തുന്നതിനുള്ള സൗകര്യവും പിന്നീട് ഉള്‍പ്പെടുത്തും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഓണവിപണി സാങ്കേതികവിദ്യകളുടെ പിന്‍ബലത്തോടെ നടപ്പാക്കാന്‍ സാധിക്കുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ.