നവീകരണം പാതി വഴിയില്‍ സ്തംഭിച്ചു, ഷണ്മുഖം കനാല്‍ കാടുകയറി നശിക്കുന്നു
നവീകരണ ഉദ്ഘാടനത്തിന്റെ ഫലകം കുറ്റിക്കാട്ടില്‍ തകര്‍ത്ത നിലയില്‍
ഇരിങ്ങാലക്കുട: ഷണ്മുഖം കനാലിന്റെ നവീകരണം പാതി വഴിയില്‍ സ്തംഭിച്ചു. 45 വര്‍ഷങ്ങളോളം അവഗണിക്കപ്പെട്ട് മണ്ണിടിഞ്ഞും മാലിന്യം നിക്ഷേപിക്കപ്പെട്ടും സംരക്ഷിക്കപ്പെടാതെ ഏറെകുറെ അപ്രത്യക്ഷമായിക്കൊണ്ടിരുന്ന ഷണ്മുഖം കനാലിനെ സംരക്ഷിക്കുക എന്ന ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണു ഇപ്പോള്‍ സ്തംഭിച്ച നിലയിലായത്. കനാലിലെ മലിനജലം നീക്കം ചെയ്ത് ആഴം വര്‍ധിപ്പിച്ച് ഇരുകരകളിലും സംരക്ഷണഭിത്തി കെട്ടി സൗന്ദര്യവത്കരിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. 4935 മീറ്റര്‍ നീളമുള്ള ഈ കനാല്‍ ദേശീയ ജലപാതയുടെ ഫീഡര്‍ കനാലായി അംഗീകരിച്ചിട്ടുള്ളതാണ്. 2006 ലാണു ഷണ്മുഖം കനാലിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചത്. 2008 ഫെബ്രുവരി മൂന്നിനു സംസ്ഥാന ജലവിഭവമന്ത്രി എന്‍.കെ. പ്രേമചന്ദ്രന് പദ്ധതിയുടെ ഒന്നാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ 12ാം ധനകാര്യകമ്മീഷന്റെ സഹായത്തോടെ ഉള്‍നാടന്‍ ജലഗതാഗത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നാംഘട്ടമായി 77 ലക്ഷം രൂപയും രണ്ടാം ഘട്ടമായി ഏഴു കോടി രൂപയുമാണു അനുവദിച്ചിട്ടുള്ളത്. ഒന്നാംഘട്ടത്തില്‍ പടിഞ്ഞാറേ അറ്റമായ മുനയം പുളിക്കെട്ട് മുതല്‍ എടതിരിഞ്ഞി ഷണ്മുഖം കനാല്‍ പാലത്തിനു നൂറുമീറ്റര്‍ അടുത്തുവരെ 1400 മീറ്റര്‍ കനാല്‍ നവീകരണം പൂര്‍ത്തീകരിച്ചിരുന്നു. രണ്ടാംഘട്ട പ്രവര്‍ത്തിയ്ക്ക് 2015 മാര്‍ച്ച് 21 നാണു സാങ്കേതികാനുമതി ലഭിച്ചത്. ഒന്നാംഘട്ടം കഴിഞ്ഞ് പത്തുവര്‍ഷത്തിനു ശേഷമാണു രണ്ടാംഘട്ടം തുടങ്ങിയത്. 2016 ഫെബ്രുവരി 26 നു എംഎല്‍എ ആയിരുന്ന അഡ്വ. തോമസ് ഉണ്ണിയാടന്റെ നേതൃത്വത്തിലും 2017 ജനുവരി 12 നു എംഎല്‍എ ആയിരുന്ന പ്രഫ. കെ.യു അരുണന് മാസ്റ്ററുടെ നേതൃത്വത്തിലുമായി രണ്ടു തവണ രണ്ടാംഘട്ട നിര്‍മാണോദ്ഘാടനങ്ങള്‍ നടന്നതു ഏറെ വിവാദമായിരുന്നു. ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലുമായി കെട്ടി ഉയര്‍ത്തിയ കരിങ്കല്‍ ഭിത്തികള്‍ മൂന്നു തവണ തകര്‍ന്നിരുന്നു. മണ്ണിന്റെ ബലക്കുറവാണു ഇതിനു കാരണമായി പറയുന്നത്. കനാലില്‍ മാലിന്യവും ചണ്ടിയും നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് നിലച്ച അവസ്ഥയിലാണിപ്പോള്‍. അടുത്തിടെ തകര്‍ന്ന 40 മീറ്റര്‍ ഭാഗം സ്വന്തം ഉത്തരവാദിത്വത്തില്‍ പണിതു നല്‍കുമെന്നും തുടര്‍ പണികള്‍ക്കു വീണ്ടും ടെന്‍ഡര്‍ വിളിക്കണമെന്നും കരാറുക്കാരന് പറഞ്ഞു.
നവീകരണം സാധ്യമായാല്‍
പണി പൂര്‍ത്തീകരിക്കുന്നതോടെ 10 മീറ്റര്‍ 30 സെന്റീമീറ്റര്‍ വീതിയാണു കനാലിനുണ്ടാകുക. കെഎല്‍ഡിസി കനാലില്‍നിന്നു വെള്ളമെത്തിച്ചാല്‍ ഷണ്മുഖം കനാലിന്റെ ജലലഭ്യത ഉറപ്പുവരുത്താന്‍ സാധിക്കും. ഇതോടെ പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ് ലഭിക്കും. പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിനു ഒരു പരിധിവരെ പരിഹാരമാകും. ഷണ്മുഖം കനാലില്‍ ജലലഭ്യത ഉറപ്പുവരുത്തിയാല്‍ ടൂറിസം മേഖലയ്ക്കും സാധ്യതകളേറെയാണ്. പണി പൂര്‍ത്തിയാകുന്നതോടെ കനാലിന്റെ അവസാനഭാഗത്ത് ടേണിംഗ് ബേയ്സിന് സ്ഥാപിച്ച് അതില്‍ ടൂറിസം വകുപ്പിനു ബോട്ടിംഗ് അടക്കമുള്ള സൗകര്യങ്ങളൊരുക്കാം.