പടിയൂര്പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന് 1.25 കോടി
വേണം, അവുണ്ടര്ചാലിനു കുറുകെ ഒരു പാലം
പടിയൂര്‍: എടക്കുളം നെറ്റിയാട് സെന്ററില്‍ നിന്നും പടിഞ്ഞാറോട്ട് പോയാല്‍ അവുണ്ടര്ചാലിനടുത്തെത്താം. അവിടെനിന്നു നോക്കിയാല്‍ തോടിനപ്പുറത്ത് പടിയൂര്‍ പഞ്ചായത്ത് റോഡ് കാണാം. പക്ഷേ ചാലിനു കുറുകെ പാലമില്ലാത്തത് ജനങ്ങളെ തെല്ലൊന്നുമല്ല ദുരിതത്തിലാഴ്ത്തുന്നത്. അവുണ്ടര്ചാലിനു കുറുകെ വെറും 100 മീറ്റര്‍ കടന്ന് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വളവനങ്ങാടിയിലെത്താം. എന്നാല്‍ ഇരുകരകളിലേയ്ക്കും കടക്കാന്‍ നാട്ടുകാര്‍ക്ക് കടത്തുവഞ്ചിയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ചാലിനു കുറുകെ പാലം നിര്‍മിക്കണമെന്ന് പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണെങ്കിലും യാഥാര്‍ഥ്യമാകാനുള്ള കാത്തിരിപ്പ് തുടരുകയാണ്. പൂമംഗലത്തിനോടു ചേര്‍ന്നാണു പടിയൂര്‍ പഞ്ചായത്ത് സ്ഥിതിചെയ്യുന്നതെങ്കിലും എട്ടു കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ചുവേണം പടിയൂര്‍ നിവാസികള്‍ക്കു പൂമംഗലത്ത് എത്താന്‍. പാലം യാഥാര്‍ഥ്യമായാല്‍ ഈ യാത്രാദൂരവും ലാഭിക്കാം. പ്രധാനമന്ത്രിയുടെ ഗ്രാമ സഡക് യോജന പദ്ധതിപ്രകാരം 2016 ല്‍ ഈ റോഡ് നിര്‍മിക്കാന്‍ 1.16 കോടി രൂപ അനുവദിച്ചു. എന്നാല്‍ 100 മീറ്റര്‍ പാലമില്ലാത്തതിനാല്‍ പടിയൂരിലും ബാക്കിയുള്ള 700 മീറ്റര്‍ പൂമംഗലത്തുമായിട്ടാണു പൂര്‍ത്തിയാക്കിയത്. പൂമംഗലം, എടക്കുളം പ്രദേശങ്ങളിലുള്ള നിരവധി വിദ്യാര്‍ഥികള്‍ എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്നുണ്ട്. കിലോമീറ്ററുകള്‍ ചുറ്റിസഞ്ചരിച്ചാണ് ഇവര്‍ സ്കൂളിലെത്തുന്നത്. പാലം യാഥാര്‍ഥ്യമായാല്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ സ്കൂളിലെത്തിച്ചേരാന് സാധിക്കും. മാത്രമല്ല, പടിയൂര്‍ നിവാസികള്‍ക്ക് ഇരിങ്ങലക്കുടയിലെത്താന് പോട്ടമൂന്നുപീടിക സംസ്ഥാനപാതയ്ക്കു പുറമെ ഒരു സമാന്തര പാത എന്ന നിലയിലും ഈ റോഡ് ഉപയോഗപ്പെടുത്താം. പാലം നിര്‍മിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സ്ഥലപരിശോധനയ്ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പൂര്‍ത്തിയായി. മണ്ണ്, സാന്ദ്രത എന്നിവ പരിശോധിക്കുന്നതിനായി 4.6 ലക്ഷം രൂപയുടെ ടെന്‍ഡര്‍ നടപടികളാണ് പൂര്‍ത്തിയാക്കിയത്. മണ്ണ്, സാന്ദ്രത എന്നിവയുടെ പരിശോധനയും പൂര്‍ത്തിയാക്കി.
ഉദ്യോഗസ്ഥസംഘം ഒരാഴ്ചക്കകം പരിശോധന നടത്തുംപൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം
എടക്കുളം: പാലം നിര്‍മിക്കുന്നതിന്റെ മുന്നോടിയായി ഒരാഴ്ചക്കകം പരിശോധന നടത്തുമെന്നു പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം വ്യക്തമാക്കി. പാലത്തിന്റെ അവസാന ഡിസൈന്‍ തയാറാക്കുന്നതിനു മുന്നോടിയായിട്ടാണ് ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിക്കുക. പാലത്തിന്റെ ഡിസൈന്‍ തയാറായിട്ടുണ്ട്. വലിയപാടത്തിനു കുറുകേ 30 മീറ്റര്‍ നീളത്തില്‍ പാലം വേണ്ടിവരുമെന്നാണു കരുതുന്നത്. അധികം ട്രാഫിക് ഇല്ലാത്ത സ്ഥലമായതിനാല്‍ താഴ്ന്ന നിരപ്പിലുള്ള പാലം നിര്‍മിക്കാനാണു പദ്ധതി. ഇതിന്റെ സാധ്യത പരിശോധിക്കും. 1.25 കോടി രൂപയാണ് ബജറ്റില്‍ ഇതിനായി നീക്കിവച്ചിട്ടുള്ളത്. ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടും പാലം പണി തുടങ്ങാത്തത് ഏറെ പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു.