കരുവന്നൂര്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂരിലേത്. സാധാരണക്കാരായ നിക്ഷേപകരുടെ പണം ഉപയോഗിച്ച് തടിച്ച് കൊഴുക്കുന്ന പുതിയ വര്‍ഗത്തെ സഹകരണ മേഖല സൃഷ്ടിച്ചിരിക്കുകയാണ്-ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തില്‍ ബാങ്ക് ഭരണസമിതിയെയും പങ്കുപറ്റിയ നേതാക്കളെയും അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഠാണാവില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ആല്‍ത്തറ പരിസരത്ത് വെച്ച് ഡിവൈഎസ്പിമാരായ ബാബു കെ. തോമസ്, ബിജു കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞു. മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍ ബാരിക്കേഡുകളില്‍ കയറുകയും തള്ളി മറിച്ചിടാനും ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി രണ്ടു തവണ ഉപയോഗിച്ചു. മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നിട്ടുള്ളതെന്നും സഹകരണമേഖലയില്‍ നിക്ഷേപിക്കുന്ന സാധാരണക്കാരുടെ പണം ഉപയോഗിച്ച് ചിലര്‍ തടിച്ച് കൊഴുക്കുകയാണെന്നും തങ്ങള്‍ ഇതു നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിട്ടുളളതാണെന്നും എം.ടി. രമേശ് ചൂണ്ടിക്കാട്ടി.
സഹകാരികളെ സംഘടിപ്പിച്ച് തങ്ങളെ എതിര്‍ക്കാനാണു സര്‍ക്കാരും സിപിഎമ്മും അപ്പോഴെല്ലാം ശ്രമിച്ചത്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്കു വ്യവസായങ്ങള്‍ ആരംഭിക്കാനും പ്രാദേശിക പരിപാടികള്‍ സംഘടിപ്പിക്കാനും ധൂര്ത്തടിക്കാനുമാണു പണം ഉപയോഗിക്കുന്നതെന്നും ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നും കരുവന്നൂര്‍ ബാങ്കിലും സിപിഎം നേതൃത്വം നല്കുന്ന ബാങ്കുകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ക്രമക്കേടുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍, മറ്റ് നേതാക്കളായ കെ.ആര്. ഹരി, സന്തോഷ് ചെറാക്കുളം, ടി.എസ്. സുനില്‍കുമാര്‍, കെ.സി. വേണുമാസ്റ്റര്‍, കവിത ബിജു, ഷൈജു കുറ്റിക്കാട്ട്, സുനില്‍ കുമാര്‍ തളിയപ്പറമ്പില്‍, സന്തോഷ് ബോബന്, അഖിലാഷ് വിശ്വനാഥന്, ഷിയാസ് പാളയങ്കോട്ട്, കെ.പി. മിഥുന് എന്നിവര്‍ പങ്കെടുത്തു.
ബിജെപിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്യുന്നു.