ഓണത്തിന് പരമ്പരാഗത രീതിയില്‍ മണ്കൂടൊരുക്കി കായപഴുപ്പിക്കുകയാണ് തങ്കപ്പന് നായര്‍
ആനന്ദപുരം: മൂപ്പെത്തിയ നേന്ത്രക്കായക്കുലകള്‍ വൈക്കോലില്‍ പൊതിഞ്ഞ് മണ്ണ് കുഴച്ചുപൊത്തി പഴുക്കാന്‍ വെയ്ക്കുന്ന പരമ്പരാഗത രീതിയാണ് ആനന്ദപുരത്തെ പാട്ടത്തില്‍ തങ്കപ്പന് നായര്‍ ഇപ്പോഴും തുടരുന്നത്. വീട്ടുമുറ്റത്ത് മണ്കൂടൊരുക്കി പഴുക്കാന്‍ വെച്ച കായക്കുലകള്‍ ഉത്രാടത്തിനു പാകമാകും. ഇങ്ങനെ പാകമാകുന്ന പഴത്തിനു സ്വാദ് കൂടുമെന്നു തങ്കപ്പന് പറയുന്നു. മണ്‍കൂടിന്റെ അടിഭാഗത്ത് ഒരുവശത്ത് ദ്വാരമുണ്ടാക്കി, ദ്വാരമിട്ട രണ്ട് കണ്ണന്‍ചിരട്ടകള്‍ വൈക്കോല്‍ നിറച്ചു ചേര്‍ത്തുവെയ്ക്കും. പുറത്തെ ചിരട്ടക്കണ്ണിന്റെ ദ്വാരത്തില്‍ കനല് വെച്ച് ഊതി പുകയ്ക്കും. പുക ഉള്ളില്‍ നിറയാന്‍ ചിരട്ടമുഖവും മണ്ണ് പൊത്തിയടയ്ക്കും. പിറ്റേന്നും രണ്ടുനേരം ഇങ്ങനെ പുകയ്ക്കണം. മൂന്നു പുക കൊടുത്താല്‍, മൂന്നാം നാളില്‍ മണ്‍കൂട് പൊളിക്കുമ്പോള്‍ കായക്കുലകള്‍ നിറം മാറി പാകമായിട്ടുണ്ടാകും. മുമ്പൊക്കെ ചായക്കടയിലും മണ്‍കൂട് കെട്ടിയാണു പതിവായി കായ പഴുപ്പിക്കുന്നത്. ആനന്ദപുരം യുപി സ്കൂളിനടുത്ത് ചായക്കട നടത്തുകയാണ് 86 വയസു പിന്നിട്ട തങ്കപ്പന് നായര്‍. ഈ പ്രായത്തിലും കായ ഉപ്പേരിയും ശര്‍ക്കരവരട്ടിയും ഉണ്ടാക്കുന്നതും ഓണത്തലേന്ന് കാളന് ഒരുക്കുന്നതും തങ്കപ്പനാണ്. വാര്‍ധക്യം ബാധിക്കുംമുമ്പ് പ്രദേശത്തെ വിവാഹച്ചടങ്ങുകള്‍ക്കു സദ്യവട്ടമൊരുക്കാനും പോകാറുണ്ടായിരുന്നു. ഭാര്യ ശാന്തയും മക്കളായ ശശിയും രമയും പേരക്കുട്ടികളായ ഗ്രീഷ്മയും ലക്ഷ്മിപ്രഭയും തങ്കപ്പന് നായരുടെ കൈപ്പുണ്യം പങ്കിടാന്‍ വീട്ടിലുണ്ട്. ചായക്കടയില്‍ തങ്കപ്പന് നായര്‍ പരമ്പരാഗത രീതിയില്‍ ഉണ്ടാക്കുന്ന വിഭവങ്ങളുടെ രുചി നാട്ടില്‍ പ്രസിദ്ധമാണ്.