ഇഴജന്തുക്കള്‍ക്ക് രാപാര്‍ക്കാന്‍ വാട്ടര്‍ അഥോറിറ്റി ഡിവിഷന് ഓഫീസിലെ ക്വാര്‍ട്ടേഴ്സ്
ഇരിങ്ങാലക്കുട: ‘ആരെങ്കിലും ഒന്നു താമസിക്കാന്‍ വന്നിരുന്നെങ്കില്‍’ ഈ കെട്ടിടം ഇത്രയ്ക്കും നശിക്കുമായിരുന്നില്ല എന്നാണ് നഗരഹൃദയത്തില്‍ ചന്തക്കുന്ന്-മൂന്നുപീടിക റോഡിലെ ബസ് സ്റ്റോപ്പിനോടു ചേര്‍ന്നുള്ള രണ്ടുനിലകളുള്ള ക്വാര്‍ട്ടേഴ്സിനെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത്. വര്‍ഷങ്ങളായി ആള്‍താമസമില്ലാതെ കാടുകയറി ഇഴജന്തുക്കളുടെ താവളമായിരിക്കുകയാണു വാട്ടര്‍ അഥോറിറ്റി ഡിവിഷന് ഓഫീസിന്റെ മുന്നിലുള്ള എക്സിക്യുട്ടീവ് എന്‍ജിനീയറുടെ ക്വാര്‍ട്ടേഴ്സ്. 15 വര്‍ഷത്തിലേറെയായി ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടത്തിന്റെ ചുറ്റിലും ടെറസിലും പുല്ലുകയറി. മുകളില്‍ ഇട്ടിരുന്ന ഷീറ്റുകളും നശിച്ചുപോയി. നിലവില്‍ വാട്ടര്‍ അഥോററ്റി സാധനങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ടി മാത്രമാണ് അത് ഉപയോഗിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളും ഒരുക്കി ഒരു കുടുംബത്തിനു താമസിക്കാന്‍ പാകത്തിനുള്ളതാണ് ഈ കെട്ടിടം. ക്വാര്‍ട്ടേഴ്സ് ഉപയോഗിക്കാതെ വന്നതോടെയാണു നശിക്കുവാന്‍ തുടങ്ങിയത്.
അറ്റകുറ്റപ്പണി നടത്തി സെക്ഷന്‍ ഓഫീസാക്കണമെന്ന് ആവശ്യം
1,500 സ്ക്വയര്‍ ഫീറ്റിലേറെ വലുപ്പമുള്ള ഈ കെട്ടിടം അറ്റകുറ്റപ്പണി നടത്തി വാട്ടര്‍ അഥോറിറ്റിയുടെ സെക്ഷന്‍ ഓഫീസ് ആക്കി മാറ്റണമെന്നു കാലങ്ങളായുള്ള ആവശ്യമാണ്. ഇതിനായി 15 ലക്ഷം രൂപയുടെ പദ്ധതി സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. രണ്ടു മുറികളുള്ള ചെറിയ കെട്ടിടത്തിലാണു സെക്ഷന്‍ ഓഫീസ് സ്ഥിതി ചെയ്യുന്നത്. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന ഇവിടെ 15 ഓളം ജീവനക്കാരാണു ജോലി ചെയ്യുന്നത്. ക്വാര്‍ട്ടേഴ്സ് സെക്ഷന്‍ ഓഫീസ് ആക്കി മാറ്റുകയാണെങ്കില്‍ ജനങ്ങള്‍ക്കു കുന്നുകയറി ഇറങ്ങേണ്ട ഇപ്പോഴത്തെ അവസ്ഥ ഒഴിവാക്കാം. ബസിറങ്ങിയാല്‍ അധികം നടക്കാതെ കൂടുതല്‍ എളുപ്പത്തില്‍ കാര്യങ്ങള്‍ നടത്താന്‍ കഴിയും. അതിനാല്‍ നശിച്ചുകൊണ്ടിരിക്കുന്ന ക്വാര്‍ട്ടേഴ്സ് കെട്ടിടം പുതുക്കി സെക്ഷനോഫീസാക്കണമെന്നാണ് ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും ആവശ്യം.