പൈപ്പുകള്‍പൊട്ടി; റോഡുകള്‍ തകര്‍ന്നു, നാട്ടുക്കാര് റോഡില്‍ വാഴ നട്ടു

ഇരിങ്ങാലക്കുട: കുടിവെള്ളം വിതരണം മുടങ്ങിയാലും പൈപ്പ്പൊട്ടല്‍ മുടക്കമില്ലാതെ നടക്കുന്നു എന്നുള്ളതാണ് ഇരിങ്ങാലക്കുട മേഖലയിലെ അവസ്ഥ. കേടുകള്‍ മുടക്കി സ്ഥാപിച്ച പൈപ്പുകള്‍ വ്യാപകമായി പൊട്ടുന്നതു മൂലം റോഡുകള്‍ തകരുകയും കാല്നടക്കാരടക്കമുള്ളവരുടെ യാത്ര ദുസഹമാവുകയുമാണ്. ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ നിന്നും റെയില്‍വേ സ്റ്റേഷന് റോഡിലേക്കു വരുന്ന ശാന്തിസദന്‍ റോഡിലാണു പൈപ്പ് പൊട്ടിയത്. പൈപ്പുകളുടെ ഗുണനിലവാര കുറവാണു പൊട്ടലിനു കാരണമായി പറയുന്നത്. പമ്പിംഗ് നടക്കുമ്പോള്‍ വെള്ളം റോഡില്‍ ഒഴുകുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ജല അഥോറിറ്റിയിലെ ജീവനക്കാര്‍ പൈപ്പ് പൊട്ടല്‍ തീര്‍ത്തുവെങ്കിലും റോഡ് തകരുകയായിരുന്നു. പൈപ്പ് പൊട്ടിയ ഭാഗത്ത് വലിയ കുഴിയാവുകയും ഈ കുഴിയില്‍ ഇരുചക്രവാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ വീഴുകയും അപകടത്തില്‍പ്പെടുകയും ഉണ്ടായി. ഇതൊടെ സമീപവാസികള്‍ റോഡില്‍ വാഴ നടുകയായിരുന്നു. മാര്‍ക്കറ്റ്, ഠാണാ ജംഗ്ഷന്, കത്തീഡ്രല്‍ ദേവാലയം എന്നിവിടങ്ങളിലേക്കുള്ള പ്രധാന സഞ്ചാര റോഡാണിത്. റോഡിലെ കുഴിയില്‍ വീണ് അപകടങ്ങള്‍ പതിവായിട്ടുണ്ട്. രാത്രിയിലാണ് അപകടങ്ങള്‍ ഏറെയും നടക്കുന്നത്. ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.