ചായക്കടയിലെ പൊട്ടിത്തെറി ബോംബ് സ്ക്വാഡും എക്സ്പ്ലോസീസ് സ്ക്വാഡും സ്ഥലത്തെത്തും
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം റോഡില്‍ ചെറുതൃക്ക് ക്ഷേത്രത്തിനു സമീപം മുകുന്ദപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ കെട്ടിടത്തിലെ ചായക്കടയിലുണ്ടായ ഇരട്ട സ്ഫോടനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ബോംബ് സ്ക്വാഡും എക്സ്പ്ലോസീസ് സ്ക്വാഡും ഇന്ന് സ്ഥലത്തെത്തും. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കാട്ടൂര്‍ ഇല്ലിക്കാട് കടവില്‍ വീട്ടില്‍ പ്രകാശന് (57) കഴിഞ്ഞ നാലു വര്‍ഷങ്ങളായി നഗരസഭയുടെ ലൈസന്‍സോടെ നടത്തുന്ന ചായക്കടയിലാണു സ്ഫോടനം ഉണ്ടായത്. ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസ്, ഡിവൈഎസ്പി ബാബു കെ. തോമസ്, സിഐ എസ്.പി. സുധീരന്, എസ്ഐമാരായ ജെസിന്, ഷറഫുദീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഫോടനം നടന്നതു ചായക്കടയില്‍ നിന്നു തന്നെയെന്നാണ് ഇപ്പോഴത്തെ നിഗമനം. ചായക്കടയിലെ ഗ്യാസ് സിലിണ്ടറിന്റെ റെഗുലേറ്റില്‍ നിന്നും നേരിയ തോതില്‍ ചോര്‍ച്ച ഉണ്ടാകുകയും ഫ്രിഡ്ജില്‍ നിന്നും ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം സ്ഫോടനം ഉണ്ടായിരിക്കാം എന്നാണ് കണക്കുകൂട്ടുന്നത്. ചായക്കടയുടെ മുമ്പിലെ ഷട്ടര്‍ തകരുകയും പുറകിലെ ചുമര് തകര്‍ന്ന് ഗ്യാസ് ഗോഡൗണിലേക്കു വീഴുകയും ചെയ്തതിനാല്‍ സ്ഫോടനം നടന്നത് ചായകടയില്‍ നിന്നാകുമെന്നാണ് നിഗമനം. പോലീസ് നടത്തുന്ന ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണു സ്ഫോടനത്തിന്റെ കാരണം സ്ഥിരീകരിക്കാനാകൂ. ഫോറന്‍സിക് വിഭാഗത്തിലെ ഡോ. ആര്. പാര്‍വതി, എം.പി. വിഷ്ണുരാജ്, അക്ഷയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനം നടന്ന കടയിലെ വൈദ്യുതി കണക്ഷനും ഗ്യാസ് സിലിണ്ടറുകളും സംഘം പരിശോധിച്ചു. ഷര്‍ട്ട് സര്‍ക്യൂട്ടിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി വയര്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഫോറന്‍സിക് സംഘത്തിന്റെ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറും.
കെട്ടിടത്തിന്റെ സുരക്ഷയില്‍ ആശങ്ക, കടകളുടെ പ്രവര്‍ത്തനം പോലീസ് നിര്‍ത്തി വെച്ചു
സ്ഫോടനം ഉണ്ടായ ചായക്കട 1967 ല്‍ നിര്‍മിച്ച കെട്ടിടത്തിലാണു പ്രവര്‍ത്തിക്കുന്നത്. സൊസൈറ്റിയുടെ ഓഫീസും നീതി ഗ്യാസ് ഗോഡൗണും പലചരക്ക് കടയും മെഡിക്കല്‍ ഷോപ്പും ചായക്കടയും റേഷന്‍ വിതരണ കേന്ദ്രവും ഇലക്ട്രോണിക് ഷോപ്പുമാണ് ഈ കെട്ടിടത്തിലുള്ളത്. അപകടത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള കടകളുടെ പ്രവര്‍ത്തനം പോലീസ് താത്കാലികമായി തടഞ്ഞിട്ടുണ്ട്. ഗ്യാസ് ഗോഡൗണിനും റേഷന്‍ കടയ്ക്കും ഇടയിലുള്ള ഭിത്തി തകര്‍ന്നു വീണിട്ടുണ്ട്. തൊട്ടടുത്തു പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയുടെ ഷട്ടറിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സമീപത്തെ കടമുറികളുടെ ഷട്ടറുകള്‍ തകര്‍ന്നിട്ടുണ്ട്. സ്ഫോടനത്തില്‍ ഷട്ടറുകള്‍ തെറിച്ച് പാണ്ടിസമൂഹം ഹാളിന്റെ മേല്‍ക്കൂരയില്‍ പതിച്ചിട്ടുണ്ട്. സമീപത്തെ ആയുര്‍വേദ കടയുടെയും പാണ്ടി സമൂഹ മഠം ഹാളിന്റെ ചില്ലുകളും തകര്‍ന്നിട്ടുണ്ട്.
ദുരൂഹതകള്‍ ഒഴിയുന്നില്ല; ഒപ്പം ഏറെ സംശയങ്ങളും
തിങ്കളാഴ്ച രാത്രി 9.41 നാണു സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. സ്ഫോടനത്തില്‍ രണ്ടു തവണ തീഗോളങ്ങള്‍ ഉയരുന്നതായി ചെറുതൃക്ക് ക്ഷേത്രത്തില്‍ സ്ഥാപിച്ച സിസിടിവി കാമറയില്‍ തെളിഞ്ഞിട്ടുണ്ട്. ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീടു നടത്തിയ പരിശോധനയില്‍ ഫ്രിഡ്ജിലെ കംപ്രസര്‍ പൊട്ടിയിട്ടില്ല. വലിയ ശബ്ദം കേട്ട് ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതാണെന്നു കരുതി എത്തിയ പരിസരവാസികളാണു ചായക്കടയിലാണു പൊട്ടിത്തെറി ഉണ്ടായതെന്നു തിരിച്ചറിഞ്ഞത്. ഫ്രിഡ്ജിന്റെ കംപ്രസറാണ് പൊട്ടിത്തെറിക്കാന്‍ സാധ്യതയെന്നു കരുതിയെങ്കിലും പൊട്ടിത്തെറിച്ച ഫ്രിഡ്ജിന്റെ കംപ്രസറിനു യാതൊരു കുഴപ്പവുമില്ലാതെ കിടക്കുന്നുണ്ട്. മാത്രവുമല്ല, ചായക്കടയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ക്കും യാതൊരു കുഴപ്പവും ഇല്ല. ചായക്കടയുടെ പുറകില്‍ നീതി സഹകരണ സംഘത്തിന്റെ 17 ഗ്യാസ് സിലിണ്ടറുകളും 37 ഓളം കാലി ഗ്യാസ് സിലിണ്ടറുകളും സൂക്ഷിച്ചിരുന്നു. ഈ മുറിയുടെ തൊട്ടടുത്ത് പ്രവര്‍ത്തിച്ചിരുന്ന റേഷന്‍ കടയില്‍ മണ്ണെണ്ണ ബാരലുകളും ഉണ്ടായിരുന്നു. എന്നാല്‍ ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ക്കോ, മണ്ണെണ്ണ ബാരലുകള്ക്കോ തീപിടിച്ചിരുന്നില്ല. ഗ്യാസ് ഗോഡൗണിനു തീ പിടിച്ചിരുന്നുവെങ്കില്‍ സ്റ്റേറ്റ് ബാങ്ക് പ്രവര്‍ത്തിക്കുന്ന ഈ മേഖലയില്‍ വന്‍ നാശനഷ്ടവും ജീവഹാനിയും സംഭവിക്കുമായിരുന്നു.
പോലീസ് കേസെടുത്തിരിക്കുന്നത് ആകസ്മികമായ തീപ്പിടുത്തത്തിന്, രാത്രിയും പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി.ആകസ്മികമായ തീപിടുത്തത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശാസ്ത്രീയ തെളിവുകളുടെ വിവരങ്ങള്‍ വെളിപ്പെടുമ്പോള്‍ മാത്രമേ ഇതുസംബന്ധിച്ചു കൂടുതല്‍ നടപടികള്‍ ഉണ്ടാകുകയുള്ളൂ. സുരക്ഷയുടെ ഭാഗമായി രാത്രിയിലടക്കം പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.