ദേവസ്വം സമര്‍പ്പിച്ച പ്രൊജക്ടിനു ദേവസ്വം കമ്മീഷണറുടെ ഭരണാനുമതി
മണിമാളിക സ്ഥലത്ത് ഉയരും ഷോപ്പിംഗ് കോംപ്ലക്സ്
ദേവസ്വം പ്രൊജക്ടിന് അനുമതി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉടമസ്ഥതയിലുള്ള മണിമാളിക സ്ഥലത്ത് ദേവസ്വം സമര്‍പ്പിച്ച പ്രൊജക്ടിനു ദേവസ്വം കമ്മീഷണറുടെ ഭരണാനുമതി. കുട്ടംകുളത്തിനു എതിര്‍വശത്ത് അപകടാവസ്ഥയിലുള്ള കെട്ടിടത്തിനു സമീപമാണു ഠാണാവില്‍ ദേവസ്വം നിര്‍മിച്ച സംഗമേശ്വര കോംപ്ലക്സ് മാതൃകയിലുള്ള പുതിയ പദ്ധതി. മൂന്നു നിലകളിലായി നിര്‍മിക്കുന്ന കോംപ്ലക്സിന്റെ താഴത്തെ രണ്ടു നിലകളും കമേഴ്സ്യല്‍ സ്ഥാപനങ്ങള്‍ക്കും മുകളില്‍ ലോഡ്ജ് എന്നിങ്ങനെയാണു നിര്‍മാണം. നിലവിലുള്ള മണിമാളിക കെട്ടിടത്തിനോ, പാമ്പിന്കാവിനോ തടസമില്ലാത്ത രീതിയിലായിരിക്കും നിര്‍മാണം. പദ്ധതിക്കു നേരത്തെ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. നഗരസഭയുടെ അനുമതിക്ക്ു പദ്ധതി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദേവസ്വം കണ്‍സള്‍ട്ടന്റ് പ്രഫ. ലക്ഷ്മണന് നായരുടെ നേതൃത്വത്തില്‍ സ്ഥലം അളന്ന് കുറ്റിയടിച്ചു. നഗരസഭ അനുമതി ലഭിച്ചാല്‍ നിര്‍മാണപ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നു ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പഴയ മണിമാളിക കെട്ടിടം പൊളിച്ച് അവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം ഒരുക്കാനാണു ദേവസ്വം നീക്കം. എന്നാല്‍ വാടകക്കാരില്‍ ചിലര്‍ കോടതിയെ സമീപിച്ചിരിക്കുന്നതിനാല്‍ കെട്ടിടം ഇതുവരേയും പൊളിച്ചുനീക്കാന്‍ സാധിച്ചിട്ടില്ല.