നഗരസഭാ ചെയര്‍പേഴ്സണെ മണിക്കൂറോളം ബിജെപി കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു
ഊട്ടിയിലേക്ക് ഉല്ലാസയാത്ര നടത്തി തിരിച്ചുവന്ന ഇരിങ്ങാലക്കുട നഗരസഭയിലെ ചെയര്‍പേഴ്സണും ഭരണകക്ഷി അംഗങ്ങളും കോവിഡ് ചട്ടങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധസമരം;
നിയമത്തെക്കുറിച്ച് അറിയില്ലെന്നും നിരീക്ഷണത്തില്‍ ഇരിക്കേണ്ട ആവശ്യമില്ലെന്നും ചെയര്‍പേഴ്സണ്‍ സോണിയഗിരി;
ഏഴു ദിവസത്തെ നിരീക്ഷണമെന്നതാണ് നിയമമെന്ന് വിശദീകരിച്ച് നഗരസഭ ആരോഗ്യവകുപ്പും പോലീസും;
കോവിഡ് ചട്ടലംഘനത്തിന് നടപടി ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിനും പോലീസിനും പരാതിയുമായി ന്യൂനപക്ഷ മോര്‍ച്ചയും
ഇരിങ്ങാലക്കുട: കോവിഡ് വ്യാപനക്കാലത്ത് ഊട്ടിയിലേക്ക് ഉല്ലാസയാത്ര നടത്തി തിരിച്ചു വന്ന നഗരസഭ ചെയര്‍പേഴ്സണും ഭരണകക്ഷി കൗണ്‍സിലര്‍മാരും കോവിഡ് ചട്ടങ്ങള്‍ പാലിച്ച് നിരീക്ഷണത്തില്‍ ഇരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭാ ചെയര്‍പേഴ്സണെ ഉപരോധിച്ചു. വ്യാഴാഴ്ച ഒരു മണിയോടെയാണ് ഇതേ ആവശ്യം ഉന്നയിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സന്റെ ചേംബറില്‍ എത്തിയത്. കോവിഡ് ചട്ടങ്ങള്‍ പാലിച്ച് അന്തര്‍സംസ്ഥാനത്തു നിന്ന് മടങ്ങി വന്നവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും അല്ലെങ്കില്‍ ഏഴു ദിവസം നിരീക്ഷണത്തില്‍ ഇരിക്കണമെന്നും ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് ചെയര്‍പേഴ്സണോട് ആവശ്യപ്പെട്ടു. എന്നാല്‍ അതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും ബിജെപി കൗണ്‍സിലര്‍മാരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെയര്‍പേഴ്സണ്‍ സോണിയഗിരി മറുപടി നല്കി. തുടര്‍ന്നാണ് ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യം നേടിയെടുക്കുന്നതു വരെ ഉപരോധസമരം പ്രഖ്യാപിച്ചത്. ചെയര്‍പേഴ്സണു പിന്തുണയുമായി ഭരണകക്ഷി കൗണ്‍സിലര്‍മാരും പുറകെയെത്തി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇടപെടേണ്ട അടിയന്തര സാഹചര്യം ഇല്ലെന്ന ഭരണനേതൃത്വം വ്യക്തമാക്കിയതോടെ പോലീസ് മടങ്ങി. എല്ലാ കോവിഡ് ചട്ടങ്ങളും പാലിച്ചാണ് തങ്ങള്‍ ഊട്ടിയിലേക്കു യാത്ര നടത്തിയതെന്നും ബിജെപി ആവശ്യപ്പെടുന്നതു പോലെ നിരീക്ഷണത്തില്‍ ഇരിക്കേണ്ട ആവശ്യമില്ലെന്ന് വിശദീകരിച്ച് ചെയര്‍പേഴ്സണും ഭരണകക്ഷി കൗണ്‍സിലര്‍മാരും അഞ്ചുമണിയോടെ സ്ഥലം വിട്ടു. രാത്രി കര്‍ഫ്യൂവും അനാവശ്യ യാത്രകള്‍ക്കു വിലക്കും നിലനില്‍ക്കെ ഊട്ടിയിലേക്കു യാത്ര പോയി വന്ന ചെയര്‍പേഴ്സണും ഭരണകക്ഷി കൗണ്‍സിലര്‍മാരും കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് നടക്കുകയാണെന്നും പകര്‍ച്ചവ്യാധി നിയമ ലംഘനത്തിനു കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ന്യൂനപക്ഷമോര്‍ച്ച ജനറല്‍ സെക്രട്ടറി ഷിയാസ് പാളയംങ്കോട്ട് ജില്ലാ കളക്ടര്‍ക്കും ഇരിങ്ങാലക്കുട പോലീസിലും പരാതി നല്കി.
ആവശ്യം നേടിയെടുക്കന്നതു വരെ ചെയര്‍പേഴ്സന്റെ മുറിയില്‍ സമരം തുടരും-ബിജെപി കൗണ്‍സിലര്‍മാര്‍
ഇരിങ്ങാലക്കുട: കോവിഡിന്റെ പേര് പറഞ്ഞ് ആറു മാസങ്ങളായി സാധാരണ കൗണ്‍സില്‍ യോഗങ്ങള്‍ ചേരാന്‍ തയാറാകാത്ത ചെയര്‍പേഴ്സണും കൂട്ടാളികളുമാണ് ഇപ്പോള്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിക്കുന്നതെന്നും കോവിഡ് ചട്ടലംഘനത്തിനു കേസെടുക്കണമെന്നും ആവശ്യം നേടിയെടുക്കന്നതു വരെ സമരം തുടരുമെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ പ്രഖ്യാപിച്ചു. രാത്രി ഏഴു മണിയോടെ പോലീസെത്തി ബിജെപി കൗണ്‍സിലര്‍മാരുടെ പരാതി രേഖാമൂലം വാങ്ങുകയും ഇന്നു തന്നെ ഈ വിഷയത്തില്‍ നടപ്പടി സ്വീകരിക്കാം എന്നു ഉറപ്പു നല്‍കിയതോടെ ചെയര്‍പേഴ്സന്റെ ചേംബറിലെ സമരം അവസാനിപ്പിച്ചു.
ഏഴു ദിവസം നിരീക്ഷണത്തില്‍ ഇരിക്കുക എന്നതാണ് നിയമം-നഗരസഭ ആരോഗ്യവിഭാഗം
ഇരിങ്ങാലക്കുട: അന്യസംസ്ഥാനങ്ങളില്‍ പോയി വരുന്നവര്‍ ടെസ്റ്റ് നടത്തുകയോ ഏഴു ദിവസം നിരീക്ഷണത്തില്‍ ഇരിക്കുകയോ വേണമെന്നതാണു നിയമമെന്നു നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമരത്തിനിടയില്‍ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ക്കു ഏഴു ദിവസത്തെ നിരീക്ഷണം വേണമെന്നതാണു നിയമമെന്നും പറഞ്ഞു.