കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പ് ആറാം പ്രതി ക്രൈംബ്രാഞ്ചിനു മുന്നില്‍ കീഴടങ്ങി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് വായ്പ്പാ തട്ടിപ്പു കേസിലെ ആറാം പ്രതി ബാങ്ക് സൂപ്പര്‍മാര്‍ക്കറ്റ് മുന്‍ അക്കൗണ്ടന്റ് മൂര്‍ക്കനാട് സ്വദേശി പുന്നപ്പിള്ളി വീട്ടില്‍ റെജി അനില്‍ (43) ഇന്നലെ ഉച്ചയ്ക്കു തൃശൂരിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങി. ഉടന്‍ അറസ്റ്റു രേഖപ്പെടുത്തി, വീഡിയോ കോണ്‍ഫറന്‍സ് വഴി ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികളുമായി കൂട്ടുചേര്‍ന്ന് ആറാം പ്രതി ഒരു കോടി 53 ലക്ഷം രൂപയുടെ ധനാപഹരണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഒന്നാം പ്രതി ബാങ്ക് മുന്‍ സെക്രട്ടറി മാടായിക്കോണം സ്വദേശി തൈവളപ്പില്‍ വീട്ടില്‍ സുനില്‍കുമാര്‍ (58), രണ്ടാം പ്രതി ബാങ്ക് മുന്‍ ബ്രാഞ്ച് മാനേജര്‍ മാപ്രാണം സ്വദേശി മുത്രത്തിപ്പറമ്പില് വീട്ടില്‍ എം.കെ. ബിജു (45), മൂന്നാം പ്രതി ബാങ്ക് മുന്‍ സീനിയര്‍ അക്കൗണ്ടന്റ് പൊറത്തിശേരി ചെല്ലിക്കര വീട്ടില്‍ ജില്‍സ് (43), അഞ്ചാം പ്രതി ബാങ്ക് റബ്കോ മുന്‍ കമ്മീഷന് ഏജന്റ് കൊരുമ്പിശേരി അനന്തത്ത് പറമ്പില്‍ വീട്ടില്‍ ബിജോയ് (47) എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. നാലാം പ്രതി ബാങ്ക് മെമ്പര്‍ പെരിഞ്ഞനം സ്വദേശി പള്ളത്ത് വീട്ടില്‍ കിരണ്‍ (31) ആണ് ഇനി അറസ്റ്റിലാകാനുള്ളത്.
ബാങ്ക് ഭരണസമിതിയംഗങ്ങളെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് വായ്പ്പാ തട്ടിപ്പുകേസില്‍ ഭരണസമിതിയംഗങ്ങളായ 12 പേരെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് ഇരിങ്ങാലക്കുട മുന്‍സിഫ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബാങ്ക് പ്രസിഡന്റ് മാടായിക്കോണം സ്വദേശി കാട്ടിളപറമ്പില് വീട്ടില്‍ കെ.കെ. ദിവാകരന് മാസ്റ്റര്‍, ബാങ്ക് ഡയറക്ടര്‍മാരായിരുന്ന തളിയക്കോണം സ്വദേശി തൈവളപ്പില്‍ വീട്ടില്‍ ടി.എസ്. ബൈജു, പൊറത്തിശേരി സ്വദേശി
മുരിപറമ്പില് വീട്ടില്‍ എം.ബി. ദിനേഷ്, പൊറത്തിശേരി വക്കയില്‍ വീട്ടില്‍ വി.കെ. ലളിതന്‍, മൂര്‍ക്കനാട് സ്വദേശി കാരത്തുപറമ്പില് വീട്ടില്‍ കെ.വി. സുഗതന്, മാപ്രാണം സ്വദേശി നാട്ടുവള്ളി വീട്ടില്‍ എന്‍. നാരായണന്, കാട്ടുങ്ങച്ചിറ സ്വദേശി എര്വാടിക്കാരന് വീട്ടില്‍ എ.എം. അസ്ലാം, മാപ്രാണം സ്വദേശി ചക്രമ്പുള്ളി വീട്ടില്‍ ജോസ് ചക്രമ്പുള്ളി, മൂര്‍ക്കനാട് സ്വദേശി മേനാച്ചേരി വീട്ടില്‍ എം.എ. ജിജോരാജ്, കുഴിക്കാട്ടുകോണം സ്വദേശി കൊരമ്പില്‍ വീട്ടില്‍ അമ്പിളി മഹേഷ്, പൊറത്തിശേരി സ്വദേശി എടക്കാട്ടില്‍ വീട്ടില്‍ സുമതി ഗോപാലകൃഷ്ണന്, കരുവന്നൂര്‍ സ്വദേശി കക്കുഴി പിണ്ടിയത്ത് വീട്ടില്‍ മിനി നന്ദനന്‍ എന്നിവരെയാണ് പ്രതികളായി ചേര്‍ത്തിരിക്കുന്നത്. ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന കരുവന്നൂര്‍ തിയ്യാടി വീട്ടില്‍ ടി.ആര്. ഭരതന് മരണപ്പെട്ടിരുന്നു. ബാങ്കില്‍ നിന്നും അനധികൃതമായി നല്കിയ വായ്പയില്‍ ഭരണ സമിതി അംഗങ്ങള്‍ക്കു പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെയും പ്രതി ചേര്‍ത്തത്. ക്രൈംബ്രാഞ്ച് സംഘം ബാങ്കില്‍ നടത്തിയ വിശദമായ അന്വേഷണങ്ങളെ തുടര്‍ന്ന് ലഭിച്ച രേഖകള്‍ പ്രകാരമാണ് കേസെടുക്കുന്നത്. ഇതോടെ 18 പേരാണ് കരുവന്നൂര്‍ ബാങ്ക് വായ്പ്പാ തട്ടിപ്പു കേസില്‍ പ്രതികള്‍.