വാക്സിന് വിതരണത്തില്‍ പക്ഷപാതം തുടരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെ പരാതി
ഇരിങ്ങാലക്കുട: വാക്സിന് വിതരണം കാര്യക്ഷമമല്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസ് കാര്യാലയം പക്ഷപാത സമീപനം തുടരുന്നുവെന്നും മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന നിയോജകമണ്ഡലതല കോവിഡ് അവലോകന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ പരാതി. ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഡിഎംഒ കാര്യാലയത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ തുടരുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് മുരിയാട്. ഉടനടി 5000 ഡോസ് സ്പോട്ട് വാക്സിന് കിട്ടിയാല്‍ മാത്രമേ പഞ്ചായത്ത് നിവാസികള്‍ക്കു ഫസ്റ്റ് ഡോസ് വാക്സിനേഷന് പൂര്‍ത്തീകരിക്കാന്‍ സാധ്യമാകൂമെന്നും പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ അവലോകന യോഗത്തിലും ഇത്തരം വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ആര്‍ക്കും കോവാക്സിനോടു താത്പര്യമില്ല. ഏവര്‍ക്കും കോവിഷീല്‍ഡ് ആണ് വേണ്ടത് എന്ന് കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് പറഞ്ഞു. ഹോം ഐസോലേഷന് ആണ് രോഗികള്‍ ഏവരും മുന്‍ഗണന കൊടുക്കുന്നതെന്നും അങ്ങനെ വരുമ്പോള്‍ വീടുകളില്‍ കൃത്യമായ ക്വാറന്റൈന് മാനദണ്ഡങ്ങള്‍ പാലിക്കാത്തതു മറ്റുള്ളവരിലേക്കും രോഗം പരത്തുവാന്‍ കാരണമാകുന്നുണ്ട്. ഇട റോഡുകളടക്കം പൂര്‍ണമായും പഞ്ചായത്തുകള്‍ അടച്ചിടുന്നതിനോടു യോജിപ്പില്ലെന്നു വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ധനേഷ് അഭിപ്രായപ്പെട്ടു. യോഗത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍, ബിഡിഒ ശ്രീചിത്ത്, മണ്ഡലത്തിലെ കോവിഡ് ചുമതലയുള്ള ഉദ്യോഗസ്ഥന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മദന മോഹനന്, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്, ആളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍, എസ്എച്ച്ഒമാരായ എം.കെ. സജീവ്, എസ്.പി സുധാകരന്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. ജില്ലയില്‍ വാക്സിന് ക്ഷാമം നേരിടുന്നുണ്ടെന്നും ഉടനടി ഇതു പരിഹരിക്കാനുള്ള നടപടികള്‍ കൈകൊള്ളുമെന്നും യോഗത്തില്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉറപ്പുനല്‍കി.