വീഴാറായ ഓലകുടിലില്‍ അന്തിയുറങ്ങാനാകാതെ നാലാം ക്ലാസുക്കാരനും അമ്മയും
ലൈഫ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും നടപടികളായിട്ടില്ല
കൊറ്റനെല്ലൂര്‍: അന്തിയുറങ്ങാനൊരു വീട് എന്നുള്ളതാണ് കൊറ്റനെല്ലൂര്‍ ശിവഗിരി അമ്പലത്തിനു സമീപം താമസിക്കുന്ന കുറുപ്പത്തുകാട്ടില് ധന്യയും മകന് അനയ്യുടെയും സ്വപ്നം. വീഴാറായി ചോര്‍ന്നൊലിക്കുന്ന ഓലകുടിലില്‍ ഭീതിയോടെ കഴിയുകയാണ് ഇവര്‍. ശക്തമായ മഴയോ കാറ്റോ വന്നാല്‍ ഈ അമ്മയ്ക്കും മകനും പേടിയാണ്. തറ കെട്ടിയിട്ടില്ല. കല്ല് വിരിച്ച് മണ്ണിട്ട്, മുന്‍ഭാഗത്ത് ഏതാനും കട്ടകള്‍ അടുക്കിവെച്ചാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ചെറിയ രീതിയില്‍ ഓലമേഞ്ഞിട്ടുമുണ്ട്. മഴ ശക്തിയായി പെയ്യുമ്പോള്‍ ചോര്‍ന്നൊലിക്കും. തുണികളും സാധനങ്ങളും നനയും. ആരോടും പരാതിക്കും പരിഭവത്തിനും പോകാറില്ല. എല്ലാം വിധിയാണെന്നു കരുതി അവര്‍ അതിനുള്ളില്‍ കഴിഞ്ഞുകൂടും. മഴ ശക്തമായപ്പോള്‍ അടുത്ത വീട്ടുകാരുടെ സഹായത്തോടെ ഓലമേഞ്ഞതിനു മുകളില്‍ ടാര്‍പോളിന്‍ ഷീറ്റ് വിരിച്ചു. പറമ്പില്‍ പാമ്പിന്റെ ശല്യവും കൂടുതലാണ്. ചുവരുകള്‍ ഇല്ലാത്തതിനാല്‍ പലപ്പോഴും വീടിനകത്തു വരെ പാമ്പിനെ കണ്ടിട്ടുണ്ട്. പരേതരായ കുറുപ്പത്തുകാട്ടില് ബാലന്-ഇന്ദിര ദമ്പതിമാരുടെ മകളായ ധന്യ സ്വന്തമായി ഒരു വീട് എന്ന ആഗ്രഹവുമായി നാലുവര്‍ഷം മുമ്പ് കൈയിലുണ്ടായിരുന്ന കുറച്ചു സ്വര്‍ണം വിറ്റും മറ്റുള്ളവരുടെ സഹായം കൊണ്ടുമാണ് മൂന്നു സെന്റ് ഭൂമി വാങ്ങിയത്. ഒരു വര്‍ഷമായി അവിടെയാണ് താമസം. രാവിലെ മകനെ അടുത്ത വീട്ടിലാക്കി ജോലിക്കു പോകും. വീട്ടില്‍ തിരിച്ചെത്തി രാത്രിയില്‍ മകനുമായി കൊറ്റനെല്ലൂരില്‍ തന്നെ വാടകയ്ക്കു താമസിക്കുന്ന ധന്യയുടെ സഹോദരന് സജീഷിന്റെ വീട്ടിലേക്കു പോകും. അഞ്ചുമാസം മുമ്പ് ലൈഫ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും നടപടികളായിട്ടില്ല. എടക്കുളത്തെ സ്കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന മകന്റെ ഓണ്‍ലൈന്‍ പഠനവും ബുദ്ധിമുട്ടിലായിരുന്നു. പഠനം തടസപ്പെടുന്ന ഘട്ടത്തില്‍ സമീപത്തുള്ള ക്ലബ് പ്രവര്‍ത്തകരാണു ഫോണ്‍ നല്കി സഹായിച്ചത്. അടച്ചുറപ്പുള്ള ഒരു വീടിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും.