പാചകവാതക വിലവർധനവിൽ കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
കാട്ടൂര്‍: കോവിഡ് മഹാമാരിക്കാലത്ത് കനത്ത പ്രഹരമായി കേന്ദ്ര സര്‍ക്കാര്‍ പാചകവാതക വില അടിക്കടി കുത്തനെ വര്‍ധിപ്പിക്കുകയും ഒരു വര്‍ഷക്കാലമായി സബ്സിഡി നല്കുന്നതില് അപ്രഖ്യാപിത വിലക്ക് നിലനില്ക്കുന്നതിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ നില്‍പ്പുസമരം നടത്തി. 10-ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് കദീജ മുംതാസ്, ജോണ്‍ വെള്ളാനിക്കാരന്‍, ലോയിഡ് ചാലിശേരി എന്നിവര്‍ പ്രസംഗിച്ചു. മൂന്നാം വാര്‍ഡ് കമ്മിറ്റിയുടെ നില്‍പ്പുസമരം കരാഞ്ചിറ മരക്കമ്പനി സെന്ററില്‍ നടത്തി. ബൂത്ത് പ്രസിഡന്റ് ഉമേഷ് ഞാറ്റുവെട്ടി, ബെറ്റി ജോസ്, ഫ്രാന്‍സിസ് കൊമ്പന്, ജോര്‍ജ് ആലപ്പാടന്‍, ജോണി എന്നിവര്‍ പങ്കെടുത്തു. കുന്നത്തുപ്പീടിക പരിസരത്ത് നടന്ന അഞ്ചാം വാര്‍ഡ് കമ്മിറ്റിയുടെ പ്രതിഷേധ സമരം ബ്ലോക്ക് സെക്രട്ടറി സി.എല്‍. ജോയ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ജലീല്‍ കരിപ്പാംകുളം, ധീരജ് തേറാട്ടില്‍, മിഥുന് മലയാറ്റി, റംഷാദ് കുഴിക്കണ്ടത്തില്‍, തിലകന് വാലത്ത്, ജോര്‍ജ് എലുവത്തിങ്കല്‍, മുത്ത്ലീഫ് എടക്കാട്ടുപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. 13-ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂര്‍ ബസാര്‍ പരിസരത്ത് നടന്ന പ്രതിഷേധം വാര്‍ഡ് പ്രസിഡന്റ് അജിത്കുമാര്‍ പുതുവീട്ടില്‍ അധ്യക്ഷത വഹിച്ചു. പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് ബദറുദീന്‍ വലിയകത്ത്, എ.പി. വിത്സണ്, ഡൊമിനി ആലപ്പാട്ട്, ഇ.എ. വിന്‍സെന്റ് എന്നിവര്‍ നേതൃത്വം നല്കി.