കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ മുരിയാട് പഞ്ചായത്തിന്റെ ആയുര്‍ കിരണം
മുരിയാട്: കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കാം എന്ന സാധ്യതയുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കു രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി ആയുര്‍വേദത്തിനു സാധ്യത ഉപയോഗപ്പെടുത്താന്‍ ആയുര്‍ കിരണം എന്ന പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്. ആദ്യഘട്ടം അങ്കണവാടി കുട്ടികള്‍ക്കാണു മരുന്ന് വിതരണം ചെയ്യുന്നത്. അങ്കണവാടികള്‍ വഴിയാണു പദ്ധതി നടപ്പിലാക്കുന്നത്. മൂന്നു തരത്തിലുള്ള മരുന്നുകള്‍ ആണുള്ളത്. മരുന്ന് വിതരണത്തിനു മുമ്പായി രക്ഷിതാക്കള്‍ക്കായി പ്രത്യേക ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. പദ്ധതി ആനന്ദപുരം അമൃതം അങ്കണവാടിയില്‍ വെച്ച് മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി മരുന്ന് കിറ്റ് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രാഗിക്കു കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷീല ജയരാജ് അധ്യക്ഷത വഹിച്ചു. ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. ഷീജ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സമിതി ചെയര്മാന് രതി ഗോപി, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, നിജി വത്സന്, ശ്രീജിത്ത് പട്ടത്ത്, വികസനകാര്യ സമിതി ചെയര്മാന് കെ.പി. പ്രശാന്ത്, ആരോഗ്യകാര്യ സമിതി ചെയര്മാന് കെ.യു. വിജയന് എന്നിവര്‍ പ്രസംഗിച്ചു.