സെന്റ് ജോസഫ്സ കോളജ് പ്രഥമ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേരി ലൊരേറ്റ സിഎച്ച്എഫ് (89)നിര്യാതയായി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ കോളജ് പ്രഥമ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേരി ലൊരേറ്റ സിഎച്ച്എഫ് (89)നിര്യാതയായി. സംസ്കാരം ഇന്ന്(സെപ്റ്റംബര്‍ 5) രാവിലെ 10 ന് തുമ്പൂര്‍ സേക്രഡ് ഹാര്‍ട്ട് മഠം കപ്പേളയില്‍ (സെമിത്തേരിയില്‍) നടക്കും. ശാന്തവും സൗമ്യവുമായ ഇടപെടലുകളാല്‍ ഭരണപരമായ മികവു പുലര്‍ത്തിക്കൊണ്ട് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിനെ വളര്‍ത്തിയ പ്രതിഭയാണ് വിടവാങ്ങിയത്. സെന്റ് ജോസഫ്സ് കോളജിന്റെ തുടക്കം മുതല്‍ നീണ്ട 26 വര്‍ഷം വൈസ് പ്രിന്‍സിപ്പലായും മാത്തമാറ്റിക്സ് വിഭാഗം മേധാവിയായും ഈ കലാലയത്തിന് ഒരു വിലാസമുണ്ടാക്കുന്നതില് പ്രഥമ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഫ്രാങ്കോയൊടൊപ്പം പ്രവര്‍ത്തിച്ചിരുന്നു.
നയചാതുരിയും ശാന്തവും സൗമ്യവുമായ ഇടപെടലുകളാലും ഭരണപരമായ മികവു പുലര്‍ത്തിക്കൊണ്ട് എല്ലാ കാര്യത്തിലും കലാലയത്തിന്റെ അമരത്ത് ഉറച്ച പിന്തുണയായിരുന്നു സിസ്റ്റര്‍ നല്‍കിയിരുന്നത്. ലാളിത്യത്തോടൊപ്പം പൂര്‍ണത, അതായിരുന്നു സിസ്റ്ററുടെ പ്രവര്‍ത്തനശൈലി. ആദ്യകാലത്ത് ഹോസ്റ്റല്‍ വാര്ഡന് കൂടിയായിരുന്നു ഇവിടെ സിസ്റ്റര്‍. കോളജിന്റെ സ്ഥാപക വൈസ് പ്രിന്‍സിപ്പലായിരുന്നു. മേരിയന്‍ പ്രൊവിന്‍സിന്റെ ആദ്യ പ്രൊവിന്‍ഷ്യലും ഹോളി ഫാമിലി സന്യാസസമൂഹത്തിന്റെ വികാര്‍ ജനറലുമായി പിന്നീടു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ കലാലയത്തില്‍ മിഴിവുറ്റ സാന്നിധ്യമായിരുന്ന സിസ്റ്റര്‍ക്ക് ആള്‍ക്കൂട്ടവും ആരവങ്ങളുമില്ലാതെ ലളിതമായൊരു വിട പറയലാണ് സിസ്റ്ററുടെ മരണത്തില്‍ ഉണ്ടായത്. മുക്കാട്ടുകര ചിറ്റിലപ്പിള്ളി കുഞ്ഞാപ്പു ജോസഫ്-മാത്തിരി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ദേവസി ആന്റണി, ഇഗേഷ്യസ്, ടോണി, സിസ്റ്റര്‍ മേരി കൊളുംബാ (സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി, കല്‍ക്കട്ട), എല്‍സി. ഇരിങ്ങാലക്കുട, മണ്ണുത്തി, പാലക്കാട്, പരിയാരം, ആളൂര്‍, കുഴിക്കാട്ടുശേരി, കൊടകര, പുത്തന്‍ചിറ എന്നീ കോണ്‍വെന്റുകളില്‍ വികാര്‍ ജനറല്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആന്‍ഡ് റീജണല്‍ സുപ്പീരിയര്‍ (മേരിയന്‍ പ്രോവിന്‍സ്, പാലക്കാട്), കോളജ് പ്രിന്‍സിപ്പല്‍ ആന്‍ഡ് അധ്യാപിക (സെന്റ് ജോസഫ് കോളജ്, ഇരിങ്ങാലക്കുട), അഡ്മിനിസ്ട്രേറ്റര്‍ (മറിയം ത്രേസ്യ ഹോസ്പിറ്റല്‍ കുഴിക്കാട്ടുശേരി), സുപ്പീരിയര്‍, ഹോസ്റ്റല്‍ വാര്ഡന്, ജനറല്‍ സെക്രട്ടറി എന്നീ മേഖലകളില്‍ സ്തുത്യര്‍ഹമായ ശുശ്രൂഷ നിര്‍വഹിച്ചിട്ടുണ്ട്.