നഗരസഭയുടെ വിന്‍ഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റില്‍ നിന്ന് വളം വില്‍പ്പനയ്ക്കെത്തുന്നു
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ ഏറ്റവും വലിയ സംസ്കരണ ശാലകളിലൊന്നായ ഇരിങ്ങാലക്കുട നഗരസഭയുടെ വിന്‍ഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റില്‍ നിര്‍മിക്കുന്ന ജൈവവളം വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനയ്ക്കു തയാറാക്കുന്നു. ഒന്ന്, രണ്ട്, അഞ്ച്, 10 കിലോ തൂക്കങ്ങളിലുള്ള പായ്ക്കറ്റുകളിലായി ഇതു വില്‍പ്പന നടത്താനാണു നഗരസഭ ഒരുങ്ങുന്നത്. ഇതിനായി തയാറാക്കിയ ലോഗോ ഉപയോഗിച്ച് പ്രത്യേകം പായ്ക്കറ്റുകള്‍ തയാറാക്കിവരികയാണ്. പ്ലാന്റില്‍ നിര്‍മിക്കുന്ന വളം പാക്കറ്റുകളാക്കി വില്ക്കുന്നതിനു നഗരസഭ കൗണ്‍സില്‍ യോഗം നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. പ്ലാന്റില്‍ നിര്‍മിക്കുന്ന വളത്തിന്റെ ക്വാളിറ്റി ടെസ്റ്റിംഗിനായി മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലേക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം വന്നതിനു ശേഷം വിതരണം ആരംഭിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. പ്ലാന്റില്‍ ഉത്പാദിപ്പിച്ച വളം പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച് നഗരസഭയില്‍ വിവിധതരം പച്ചക്കറികള്‍ കൃഷിചെയ്തിരുന്നു. നഗരസഭ പരിധിയിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ജൈവമാലിന്യമാണു പ്ലാന്റിലൂടെ വളമാക്കുന്നത്. കോഴിമാലിന്യം സംസ്കരിക്കാനുള്ള സൗകര്യവും ഈ പ്ലാന്റില്‍ ഉണ്ട്. ഇരിങ്ങാലക്കുട നഗരസഭ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ സജ്ജമാക്കിയിരിക്കുന്ന പ്ലാന്റില്‍ ദിവസേന മൂന്നു ടണ്‍ ജൈവവളമാണു നിര്‍മിക്കുന്നത്. 2019-20, 2020-21 ബഹുവര്‍ഷ പദ്ധതിയായി ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവഴിച്ച് ഏഴായിരം സ്ക്വയര്‍ ഫീറ്റിലാണു പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐആര്‍ടിസിയുമായി സഹകരിച്ചാണു പദ്ധതി നടപ്പിലാക്കുന്നത്. ഐആര്‍ടിസി വളം ഉത്പാദിപ്പിക്കുന്നതിനായി ആറു വനിത ജീവനക്കാരെയാണു നിയോഗിച്ചിരിക്കുന്നത്. നഗരസഭ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ സജ്ജമാക്കിയിരിക്കുന്ന വിന്‍ഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റില്‍ ദിവസേന മൂന്നു ടണ്‍ ജൈവവളമാണു നിര്‍മിക്കുന്നത്. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐആര്‍ടിസിയുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. വളം ഉത്പാദിപ്പിക്കുന്നതിനായി ഐആര്‍ടിസി ആറു വനിത ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കു ഗുണനിലവാരമുള്ള വളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വളം വില്‍പ്പന നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.