പാചകവാതക വിലവര്‍ധനയ്ക്കെതിരെ എഐടിയുസി പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട: പാചകവാതക വിലവര്‍ധനയ്ക്കെതിരെ എഐടിയുസി പ്രതിഷേധ സമരം നടത്തി. തൊഴിലോ വരുമാനമോ ഇല്ലാത്ത ഈ കൊറോണ കാലഘട്ടത്തിലും മനസാക്ഷിയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളേയും രാജ്യത്തേയും കൊള്ളയടിക്കുന്നു. ദൈനംദിനം പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധിപ്പിക്കുന്നതുപോലെ പാചകവാതകത്തിന്റേയും വിലയും കുത്തനെകൂട്ടികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ 703.50 രൂപയായിരുന്നു ഒരുകുറ്റി ഗ്യാസിന്റെ വില. എന്നാല്‍ ഇന്ന് 896.50 രൂപയായി വര്‍ധിപ്പിച്ചു. ഓഗസ്റ്റ് മാസത്തില്‍ നാലു തവണയാണ് വര്‍ധനവ്. വാണിജ്യ ആവശ്യ സിലിണ്ടറിനു 1644 രൂപയായും കൂട്ടി. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴിതാ ബിപിസിഎല്‍ ന്റെ 52.98 ശതമാനം ഓഹരിയും കോര്‍പ്പറേറ്റുകള്‍ക്കു വിറ്റിരിക്കുകയാണ്. ഇത്തരം അനീതിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും എഐടിയുസി ആവശ്യപ്പെട്ടു. കാറളം പോസ്റ്റാഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ സമരം എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം ഉദ്ഘാടനം ചെയ്തു. മോഹനന് വലിയാട്ടില്‍, സി.കെ. ദാസന് എന്നിവര്‍ പ്രസംഗിച്ചു.