ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച കുടിവെള്ള പദ്ധതി കാടുകയറി നശിച്ചുകൊണ്ടിരിക്കിന്നു
ഇപ്പോഴത് ഇഴജന്തുക്കളുടെയും സാമൂഹ്യ ദ്രോഹികളുടെയും താവളം
നടവരമ്പ്: വേളൂക്കര പഞ്ചായത്തിലെ നടവരമ്പ് അംബേദ്കര്‍ കോളനി, ആക്കപ്പിള്ളി പൊക്കം എന്നിവിടങ്ങളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പണികഴിച്ച രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി കാടുകയറി നശിച്ചു. പദ്ധതിയുടെ ഭാഗമായി ലക്ഷങ്ങള്‍ ചെലവഴിച്ചു നടവരമ്പ് ചിറയില്‍ സ്ഥാപിച്ച കിണറും മോട്ടോര്‍ ഷെഡും ജലശുദ്ധീകരണ സംവിധാനവും കാടു കയറിയ നിലയിലാണ്. ഇഴജന്തുക്കളുടെയും സാമൂഹ്യദ്രോഹികളുടെയും താമവളമായി മാറിയ അവസ്ഥയിലാണിപ്പോള്‍. 2008 ലാണ് ഈ പദ്ധതിയുടെ ഭാഗമായി കിണര്‍ കുഴിക്കാന്‍ ആരംഭിച്ചത്. നാലു റിംഗ് മാത്രമേ ഇവിടെ സ്ഥാപിക്കുവാന്‍ സാധിച്ചുള്ളൂ. പിന്നെ കിണര്‍ കുഴിക്കാന്‍ സാധിച്ചില്ലത്രെ. ചിറയിലെ വെള്ളം വറ്റുമ്പോള്‍ കിണറ്റില്‍ സംഭരിച്ച വെള്ളം ശുദ്ധീകരിച്ചു വിതരണം ചെയ്യുവാനായിരുന്നു പദ്ധതി. 14 ലക്ഷം രൂപയാണ് ഇതിനുവേണ്ടി നീക്കിവെച്ചിരുന്നത്. പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇതില്‍ കുറച്ച് തുക വകമാറ്റി ചെലവിടുകയും ചെയ്തിരുന്നു. ഇതോടെ വിവാദങ്ങള്‍ക്കു തുടക്കമാവുകയും ചെയ്തു. പദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍ ആസൂത്രണത്തിലുണ്ടായ പാളിച്ചയാണു ഈ സാഹചര്യത്തിനു വഴിതെളിയിച്ചത്. കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും പദ്ധതി പൂര്‍ത്തീകരിക്കാന്‍ വൈകിയതോടെ നാട്ടുക്കാര് പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് 2013 ഡിസംബര്‍ 17 നു പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.ഡി. ലാസര്‍ ആയിരുന്നു ഉദ്ഘാടകന്‍. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കനക പ്രസാദ് ചടങ്ങില്‍ അധ്യക്ഷനുമായിരുന്നു. അംബേദ്കര്‍ കോളനിയില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ച ജലസംഭരണിയിലെ ചോര്‍ച്ച മൂലം ഈ ജലസംഭരണിയിലേക്ക് അധികം നാള് വെള്ളം വിട്ടിരുന്നില്ല. പൊതുടാപ്പുകളിലേക്കു നേരിട്ടാണു വെള്ളം പമ്പ് ചെയ്തിരുന്നത്. ശുദ്ധീകരിക്കാനായി പ്ലാന്റ് നിര്‍മിച്ചിട്ടുണ്ടെങ്കിലും അതു ശരിയായി പ്രവര്‍ത്തിക്കാത്തതിനാല്‍ ലഭിക്കുന്ന വെള്ളത്തില്‍ ഇരുമ്പിന്റെ അംശം കൂടിയതിനാല്‍ ഇതു കുടിക്കാനുപയോഗിക്കാറില്ല. മാത്രവുമല്ല, രണ്ടു മണിക്കൂര്‍ മോട്ടോര്‍ ഉപയോഗിക്കുമ്പോഴേക്കും വെള്ളം വറ്റുമെന്ന അവസ്ഥയുമായി. ഇതോടെ കലക്കവെള്ളമാണു ലഭിക്കുക. ഏറെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഏഴുകിലോമീറ്റര്‍ അകലെയുള്ള മങ്ങാടിക്കുന്നിലെ ജലശുദ്ധീകരണ പ്ലാന്റില്‍ നിന്നും 2019 മാര്‍ച്ച് 20 മുതല്‍ നടവരമ്പ് അംബേദ്കര്‍ കോളനിയിലേക്കു കുടിവെള്ളം നേരിട്ടെത്തിച്ചു തുടങ്ങി. സി.എന്‍. ജയദേവന് എംപി ഫണ്ടില്‍ നിന്നും 6,11,000 രൂപ ചെലവഴിച്ചാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. ടാപ്പുകളും ഇതിനായി സ്ഥാപിച്ചു. ഇതോടെ കോളനിയിലെ കുടിവെള്ളക്ഷാമത്തിനു താത്കാലിക പരിഹാരമായെങ്കിലും ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച് ജലശുദ്ധീകരണ പ്ലാന്റും സംവിധാനവും നോക്കുകുത്തിയായി മാറി.