ദുരിതങ്ങള്‍ക്കിടയില്‍ കൊമ്പുവാദ്യകലയുടെ പാഠങ്ങള്‍ മകനു പകര്‍ന്നു നല്കി തൃക്കൂര് സജി
അവിട്ടത്തൂര്‍: കൊറോണ മഹാമാരിയുടെ ദുരിതംപേറി മുന്നോട്ടു നീങ്ങുന്നതിനിടെ കരള്മാറ്റിവക്കല് ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്കു തിരിച്ചുവരികയും തൃശൂര്‍ പൂരത്തിന്റെ തിരുവമ്പാടി പഞ്ചവാദ്യത്തിനിടെ ആലിന്കൊമ്പ് വീണ് കാല്‍വിരല്‍ മുറിച്ചുമാറ്റേണ്ടിവന്ന ദുരിതനാളുകളിലും ജീവിതതാളം കൈവിടാതെ കൊമ്പുവാദ്യകലയുടെ പാഠങ്ങള്‍ ജീവവായു പോലെ തന്റെ മകനു പകര്‍ന്നു നല്കിയ കലാകാരനാണു തൃക്കൂര് സജി. പൂരങ്ങളും വേലകളും നിശ്ചലമാക്കിയ ഉത്സവ സീസണില്‍ നിന്നും സജി വന്നെത്തിയതു കരള്മാറ്റിവക്കേണ്ട ദുരിതത്തിലേക്കായിരുന്നു. പഞ്ചാരിയും പഞ്ചവാദ്യവും പാണ്ടിയുമൊക്കെ കൊട്ടിക്കയറുന്ന വാദ്യവേദികളെ കാല്നൂറ്റാണ്ടിലേറക്കാലമായി കൊമ്പ് വാദനത്തിലൂടെ ധന്യമാക്കിയ കലാകാരനാണ് സജി. ജന്മംകൊണ്ടു തൃക്കൂര്കാരനാണെങ്കിലും വര്‍ഷങ്ങളായി അവിട്ടത്തൂരിലാണ് സജി താമസിക്കുന്നത്. നൂറുകണക്കിനു ശിഷ്യസമ്പത്തുള്ള കൊമ്പുവാദകന് കുമ്മത്തു രാമന്‍കുട്ടിനായരുടെ ആദ്യകാല ശിഷ്യരില്‍ പ്രമുഖനാണു സജി. വൃശ്ചികം മുതല്‍ മേടം വരെ നീളുന്ന ഉത്സവ സീസണില്‍ പൂരപ്പറമ്പുകളില്‍ നിന്നും പൂരപ്പറമ്പുകളിലേക്കു വിശ്രമമില്ലാതെ സഞ്ചരിച്ചിരുന്ന സജി അനവധി കലാകാരന്മാരുടെ പ്രാര്‍ഥനയിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നു. ഇതിനിടയിലാണു തൃശൂര്‍ പൂരത്തിന്റെ തിരുവമ്പാടി വിഭാഗത്തിന്റെ രാത്രി പഞ്ചവാദ്യത്തിനിടെ ആലിന്കൊമ്പ് ഒടിഞ്ഞുവീണ അപകടത്തില്‍ സജിയുടെ കാലിന്റെ തള്ളവിരല്‍ മുറിച്ചു മാറ്റേണ്ടിവന്നത്. ഭാര്യയും മൂന്നു മക്കളുമുള്ള സജി കുടുംബത്തിന്റെ ഏക ആശ്രയമാണ്. ഇടപ്പിള്ളി അമൃത ആശുപത്രിയിലായിരുന്നു സജിയുടെ ചികിത്സ. ശസ്ത്രക്രിയക്കു 30 ലക്ഷം രൂപ ചെലവായി. ഈ ആപത്തുകാലത്തും കിട്ടിയസമയങ്ങളിലൊക്കെ വീട്ടിലിരുത്തി തന്റെ മകന് ഉള്‍പ്പെടെയുള്ള ശിഷ്യര്‍ക്കു കൊമ്പിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു സജി. ആ അത്യധ്വാനത്തിന്റെ ആത്മാസക്ഷാത്കാരമായിരുന്നു അവിട്ടത്തൂര്‍ മഹാദേവക്ഷേത്രസന്നിധിയില്‍ സജിയുടെ മകനും ഏഴാംക്ലാസ് വിദ്യാര്‍ഥിയുമായ അര്ജുന്, മാപ്രാണം അതുല്‍കൃഷ്ണ എന്നിവരുടെ അരങ്ങേറ്റം. ബിരുദവിദ്യാര്‍ഥിനിയായ സജിയുടെ മകള്‍ അഭിരാമി ഏഴാം ക്ലാസില്‍ പഠിച്ചിരുന്നപ്പോള്‍ കൊമ്പില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സജിയുടെ ശിക്ഷണത്തില്‍ വീട്ടിലായിരുന്നു പരിശീലനം. അഭിരാമിയാണ് താളം പിടിച്ചുകൊടുത്തിരുന്നത്. അരങ്ങേറ്റത്തിന് അവിട്ടത്തൂര്‍ ദശോബ്, തൃക്കൂര് വിജീഷ്, കണ്ണന് എന്നിവരും സഹകൊമ്പുകാരായി. ക്ഷേത്രം മേല്‍ശാന്തി താന്നിയില്‍ നാരായണന് നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. കുമ്മത്ത് രാമന്നായര്, ചെറുശേരി കുട്ടന്മാരാര്, കലാമണ്ഡലം ശിവദാസന്‍, മുരളി ഹരിതം എന്നിവര്‍ പങ്കെടുത്തു. അരങ്ങേറ്റത്തോടു മുന്നോടിയായി ചെറുശേരി ആനന്ദ്, കലാനിലയം പ്രകാശന്, ചെറുശേരി കുട്ടന്നായര് എന്നിവര്‍ അവതരിപ്പിച്ച കേളിയും ഇഞ്ചമുടി ഹരിയുടെ കുഴല്‍പറ്റും നടന്നു.