ജല സ്കെയിലുമായി ഇരിങ്ങാലക്കുട നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി
ജലസ്കെയില് സ്ഥാപിച്ചിരിക്കുന്നത് വാര്‍ഡ് 11 ലെ തേന്കുളത്തില്
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ നഗരസഭകളില്‍ ആദ്യത്തെ ജല സ്കെയിലുമായി ഇരിങ്ങാലക്കുട നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വാര്‍ഡ് 11 ലെ തേന്‍കുളം 349 തൊഴില്‍ ദിനങ്ങള്‍ നല്കി വൃത്തിയാക്കിയതിനുശേഷമാണ് വാട്ടര്‍ സ്കെയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഹരിതകേരളം മിഷന്റെ സാങ്കേതിക മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതിക്കായി തൊഴില്‍ ഇനത്തില്‍ 1,01,559 രൂപയും വാട്ടര്‍ സ്കെയില്‍ മറ്റു അനുബന്ധ ആവശ്യങ്ങള്‍ക്കുമായി 10,000 രൂപയുമാണു ചെലവഴിച്ചിരിക്കുന്നത്. തേന്‍കുളം പരിസരത്തു വച്ചു നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി പദ്ധതി നാടിനു സമര്‍പ്പിച്ചു. വൈസ് ചെയര്മാന് പി.ടി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജെയ്സണ്‍ പാറേക്കാടന്‍, അഡ്വ. ജിഷ ജോബി, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ്, വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജു, ഹരിത കേരള മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.എസ്. ജയകുമാര്‍, തൊഴിലുറപ്പ് പദ്ധതി എന്‍ജിനീയര്‍ ടി.എസ്. സിജിന്‍ എന്നിവര്‍ പ്രസംഗിച്ചു. ജല കൈയിലില് നല്കിയ അളവ് നോക്കി തൊട്ട് അടുത്ത് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ നോക്കിയാല്‍ പ്രസ്തുത അളവിന് അനുസൃതമായുള്ള വെള്ളത്തിന്റെ അളവ് മനസിലാക്കാന്‍ കഴിയും. കുളത്തിലെ വെള്ളത്തിന്റെ റീഡിംഗ് നോക്കി ഏതൊരു സാധാരണ വ്യക്തിക്കും കുളത്തില്‍ നിലവില്‍ എത്ര ലിറ്റര്‍ വെള്ളം ഉണ്ടെന്നു എളുപ്പം മനസിലാക്കാന്‍ ഇതിലൂടെ സാധിക്കും. നഗരസഭയുടെ മറ്റു പൊതുകുളങ്ങളും ഈ പദ്ധതി വരും കാലങ്ങളില്‍ നടപ്പിലാക്കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.