കരുവന്നൂര്‍ ബാങ്ക് പ്രതിസന്ധിയിലേക്ക്,ടോക്കണ്‍ വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
കരുവന്നൂര്‍ ബാങ്ക് പ്രതിസന്ധിയിലേക്ക്,ടോക്കണ്‍ വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
30 പേര്‍ക്ക് 10,000 രൂപ വീതമാണ് പ്രതിദിനം ബാങ്കില്‍ നിന്ന് നല്‍കുന്നത്
നിക്ഷേപകര്‍ക്ക് മാസത്തില്‍ 10,000 രൂപ ഒരു തവണ മാത്രമാക്കി, നിക്ഷേപ തുക ഒരുമാസത്തേക്കു മാത്രം
കരുവന്നൂര്‍: സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപകര്‍ക്ക് തിരികെ നല്കുവാനായി ഒരു മാസത്തേക്കുള്ള തുക മാത്രമാണ് ബാക്കിയുള്ളതെന്നു സൂചന. ടോക്കണ്‍ വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബാങ്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ 11 മുതല്‍ നാല് വരെയുള്ള സമയങ്ങളിലും ശനിയാഴ്ചകളില്‍ ഒരു മണിവരെയുമാണ് ടോക്കണ്‍ നല്‍കുന്നത്. ഇന്നലെ മുതല്‍ 22 തിയതി വരെയുള്ള എല്ലാ ദിവസങ്ങളിലും ടോക്കണ്‍ നല്‍കുന്നുണ്ട്. ഇന്നലെ രാവിലെയാണ് ഇതുസംബന്ധിച്ച് അറിയിപ്പ് ബാങ്കിനു മുന്നില്‍ പതിച്ചത്. ഇതറിയാതെ ടോക്കണെടുക്കുവാന് എത്തിയപലരും ടോക്കണ്‍ ലഭിക്കാതെ തിരിച്ചുപോയി. പോലീസ് നിര്‍ദേശമനുസരിച്ചാണ് ഇത്തരം നിയന്ത്രണങ്ഹള് വരുത്തിയിരിക്കുന്നതെന്നാണ് സൂചന. 04 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും നടന്ന കരുവന്നൂര്‍ സഹകരണ ബാങ്ക് കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ്. കൂടുതല്‍ വായ്പാ തിരിച്ചടവുകള്‍ വന്നില്ലെങ്കില്‍ ഇപ്പോള്‍ നല്കുന്ന 10,000 രൂപ പോലും ആഴ്ചയില്‍ നിക്ഷേപകര്‍ക്കു ലഭിക്കില്ലെന്നാണ് പുറത്തുവരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം നിക്ഷേപകര്‍ക്കു പരമാവധി 10,000 രൂപ എന്ന രീതി മാസത്തില്‍ ഒരുതവണ മാത്രമാക്കി. മുമ്പ് മാസത്തില്‍ രണ്ടുതവണയായിരുന്നു. ബാങ്കിനു കീഴിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ വരുമാനം കൊണ്ടാണു നിലവില്‍ പണമിടപാടുകള്‍ നടക്കുന്നത്. 30 പേര്‍ക്ക് 10,000 രൂപ വീതമാണ് പ്രതിദിനം ബാങ്കില്‍ നിന്നു നല്‍കുന്നത്. ഇങ്ങനെ നല്കാന് ഇനി 25 ലക്ഷം രൂപയാണ് അവശേഷിക്കുന്നത്. മാപ്രാണം, കരുവന്നൂര്‍ എന്നിവിടങ്ങളിലെ മൂന്നു സൂപ്പര്‍മാര്‍ക്കറ്റുകളിലെ വരുമാനത്തിലൂടെയാണു ഇടപാടുകള്‍ക്ക് പണം കണ്ടെത്തുന്നത്. നിക്ഷേപകര്‍ക്കു മാസത്തില്‍ 10,000 രൂപയെന്ന ക്രമം പാലിക്കാനായി പണം കണ്ടെത്താന്‍ വായ്പകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. എന്നാല്‍, വായ്പ തിരിച്ചടയ്ക്കാതിരിക്കുകയാണ് കടമെടുത്തവര്‍. നിക്ഷേപകരാകട്ടെ ബാങ്കിലിട്ട പണം നഷ്ടമാകുമോയെന്ന ആശങ്കയിലുമാണ്. കൂടുതല്‍ പണം കണ്ടെത്താന്‍ കുടിശിക വരുത്തിയ സ്വര്‍ണപണയ വായ്പകള്‍ തിരിച്ചു പിടിക്കാനാണു തീരുമാനം. അടുത്ത ഒരുമാസം വരെയെങ്കിലും ഇങ്ങനെ പിടിച്ചുനില്‍ക്കാം. അതിനകം സര്‍ക്കാരില്‍ നിന്നും പ്രത്യേക പാക്കേജ് ലഭ്യമാവുമെന്നാണ് പ്രതീക്ഷ. നിലവില്‍ കേരള ബാങ്കിന്റെ ചെക്കാണ് കരുവന്നൂര്‍ ബാങ്ക് നല്‍കുന്നത്. കേരള ബാങ്കില്‍ നിന്ന് സഹായമായി കരുവന്നൂര്‍ ബാങ്ക് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതാണ് ദൈനംദിനപ്രവര്‍ത്തനത്തിനു തിരിച്ചടിയായിരിക്കുന്നത്. ബാങ്കിന്റെ ആസ്തിബാധ്യതാ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂവെന്നാണു കേരള ബാങ്കിന്റെ നിലപാട്. നിക്ഷേപകരില്‍ കൂടുതലും കര്‍ഷകരും സാധാരണക്കാരുമാണ്.