നടവരമ്പ് ചിറവളവില്‍ കാടുപിടിച്ചു കിടന്നിരുന്ന വഴിയോര വിശ്രമ കേന്ദ്രം വൃത്തിയാക്കി
നടവരമ്പ്: ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ റോഡില്‍ നടവരമ്പ് ചിറവളവില്‍ കാടുപിടിച്ചു കിടന്നിരുന്ന ഡോക്ടര്പടിക്കു സമീപമുള്ള വഴിയോര വിശ്രമ കേന്ദ്രം വൃത്തിയാക്കി. ശുചീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര്‍ നിര്‍വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റി കെഎസ് ധനീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം പ്രസിഡന്റ് പ്രദീപ് മേനോന് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. വേളൂക്കരഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സതീഷ് പത്താഴക്കാട്ടില്‍, വാര്ഡ്മെമ്പര് ഗാവരോഷ്, ജില്ല യൂത്ത് കോ-ഓഡിനേറ്റര്‍ ഒ എസ് സുബീഷ്, ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ സി ടി സബിത, വേളൂക്കര യൂത്ത് കോ-ഓഡിനേറ്റര്‍ സുമിത്ത് എന്നിവര്‍ പ്രസംഗിച്ചു. പാതയോരങ്ങളുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി 2014 ല്‍ പിഡബ്ല്യുഡി റോഡ്സ് വിഭാഗമാണു നടവരമ്പ് ചിറയുടെ എതിര്‍വശത്തായി 15 ലക്ഷം രൂപ ചെലവഴിച്ച് ഈ വിശ്രമകേന്ദ്രം പണിതത്. രണ്ടുസ്ഥലത്തായി തോടിനോടു ചേര്‍ന്നുള്ള ഭാഗം കമ്പി ഉപയോഗിച്ചു കെട്ടി സംരക്ഷിക്കുകയും ടൈല്‍ വിരിക്കുകയും ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ബസ് കാത്തുനില്‍ക്കുന്നവര്‍ക്കു മാത്രമല്ല, സായാഹ്നങ്ങളില്‍ നടക്കാനിറങ്ങുന്നവര്‍ക്കും നടവരമ്പ് ചിറയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്കും ഈ ബസ് ഷെല്‍ട്ടര്‍ അക്ഷരാര്‍ഥത്തില്‍ ഷെല്ട്ടറാകുന്നുണ്ട്. നടന്നു ക്ഷീണിക്കുമ്പോള്‍ ഒന്നു ചാരിയിരിക്കാന്‍ സ്റ്റീലില്‍ നിര്‍മിച്ച കസേരകള്‍, മനോഹരമായി ടൈല്‍ പാകിയ നിലം, ചുറ്റുവേലി. ചുരുക്കി പറഞ്ഞാല്‍ ഒരു പാര്‍ക്കില്‍ വിശ്രമിക്കാന്‍ പോയ പ്രതീതി. ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഏറെ പ്രകൃതിരമണീയമായ ഈ സ്ഥലം കണ്ട് കാറും മറ്റു വാഹനങ്ങളും നിര്ത്തിയിറങ്ങുന്നവരുടെ എണ്ണം ഏറെയായിരുന്നു. നടവരമ്പ് ചിറയുടെ സൗന്ദര്യക്കാഴ്ച ഈ ഷെല്‍ട്ടറിലെ കസേരയില്‍ ചാരിയിരുന്ന് വീക്ഷിക്കുന്നതു ഒരു സുഖം തന്നെയാണ്. തണല്‍ വൃക്ഷങ്ങള്‍ക്കു താഴെയായി പണിതതിനാല്‍ ഇതുവഴി പോകുന്ന യാത്രക്കാര്‍ക്കു വിശ്രമിക്കാനും സമീപവാസികള്‍ക്കു വൈകുന്നേരങ്ങളില്‍ ഒത്തുചേരാനും സാധിക്കുന്ന ഇടമാണിത്. ഈ വിശ്രമകേന്ദ്രം അധികൃതരുടെ അനാസ്ഥയില്‍ കാടുപിടിക്കുന്നതിനെ സംബന്ധിച്ച് ദീപികയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വഴിയോര വിശ്രമ കേന്ദ്രം നശിക്കുന്നതിനു കാരണം പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ചിറവളവിലെ വഴിയോര വിശ്രമകേന്ദ്രം പഞ്ചായത്തിന്റെ ഏതെങ്കിലും പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത് വൃത്തിയാക്കണമെന്നായിരുന്നു നാട്ടുക്കാരുടെ ആവശ്യം.