കരുവന്നൂര്‍ പുത്തന്‍തോട് പാലത്തിന്റെ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കുന്ന പണികള്‍ തിങ്കളാഴ്ച്ച ആരംഭിക്കും
പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന കരുവന്നൂര്‍ പുത്തന്‍തോട് പാലത്തിന്റെ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കുന്ന പണികള്‍ തിങ്കളാഴ്ച്ച ആരംഭിക്കും
തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ 14 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം
കരുവന്നൂര്‍: പ്രളയത്തില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് തകരാറിലായ പുത്തന്‍തോട് പാലത്തിന്റെ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കുന്ന പണികള്‍ തിങ്കളാഴ്ച്ച ആരംഭിക്കും. തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലെ കരുവന്നൂര്‍ പുത്തന്‍തോട് പാലത്തിന്റെ തെക്കേയറ്റത്തുള്ള ബീമുകള്ക്കുശേഷം റോഡിനോടു ബന്ധിക്കുന്ന അപ്രോച്ച് റോഡിന്റെ സ്ലാബുകളാണു അടിയിലുള്ള മണ്ണ് പ്രളയത്തില്‍ ഇടിഞ്ഞുപോയതിനെത്തുടര്ന്ന് താഴ്ന്നത്. കരുവന്നൂര്‍ കെഎല്‍ഡിസി കനാലിനു കുറുകെയുള്ള പുത്തന്‍തോട് പാലം പ്രളയകാലത്ത് വെള്ളത്തില്‍ മുങ്ങിയിരുന്നു. വാഹനങ്ങള്‍ ഈ സ്ഥലത്ത് എത്തുമ്പോള്‍ വലിയ ശബ്ദത്തോടെ പാലത്തിനു കുലുക്കവും അനുഭവപ്പെട്ടിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പാലത്തിനു സമീപം പിഡബ്ല്യുഡി മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. പിന്നീട് പിഡബ്ല്യുഡി റോഡ്സ് വിഭാഗം ഈ ഭാഗത്ത് മണ്ണിട്ടുനികത്തി ടാര്‍ ചെയ്തിരുന്നു. താഴേയ്ക്കിരുന്ന സ്ലാബുകള്‍ പൊളിച്ചുമാറ്റി അവിടെ പില്ലറിട്ട് ബലപ്പെടുത്തുവാനാണു ഇപ്പോഴത്തെ പദ്ധതി. താഴ്ന്നുപോയ സ്ലാബുകള്‍ പൊളിക്കുക, പാലത്തിനോടു ചേര്‍ന്നുള്ള ഭാഗത്ത് കല്ലിട്ട് ബലപ്പെടുത്തി ടാറിടുക എന്നിവയാണു പദ്ധതിയിലുള്ളത്. പാലത്തിനോട് ചേര്‍ന്ന് 13.4 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡ് പൊളിച്ചുമാറ്റിയാണ് അറ്റകുറ്റപണികള്‍ നടത്തുന്നത്. 20 ലക്ഷം രൂപയാണ് ഈ പണികള്‍ക്കായി ചെലവിടുന്നത്. പാലം തകരാറിലാണെന്ന് സുചിപ്പിച്ച് ദീപിക മുമ്പ് വാര്‍ത്ത് നല്‍കിയിരുന്നു.
ബസുകളടക്കമുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു.
തൃശൂര്‍-കൊടുങ്ങല്ലൂര്‍ റോഡില്‍ തിങ്കളാഴ്ച്ച മുതല്‍ ഗതാഗതം നിരോധിക്കും. ബദല്‍ സംവിധാനവുമായി പുത്തന്‍തോട് പാലത്തിനു മുമ്പ് മാപ്രാണം-തൊട്ടിപ്പാള്‍-മുളങ്ങ്-ആറാട്ടുപുഴ വഴി തൃശൂര്‍ ഭാഗത്തേക്കും തിരിച്ചും ഇതോ റൂട്ടില്‍ വാഹന ഗതാഗതം ഒരുക്കിയിട്ടുള്ളതായി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഗതാഗതം തിരിച്ചു വിടുന്നതു സംബന്ധിച്ച് നഗരസഭാ അധികൃതരും പോലീസ് വിഭാഗവും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഗതാഗതം സുഗമമാക്കുന്നതിനായി ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി ജംഗ്ഷനുകളില്‍ പോലീസിനെ നിയോഗിക്കാനും ധാരണയായിട്ടുണ്ട്.