‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടികളില്‍ പങ്കാളികളായി സെന്റ് ജോസഫ്സ് കോളജ്
ഇരിങ്ങാലക്കുട: ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയുടെ ശുചീകരണ-മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കികൊണ്ട് നടപ്പാക്കിയ പരിപാടികളില്‍ സെന്റ് ജോസഫ്സ് കോളജും പങ്കാളികളായി. ഇതിനോടനുബന്ധിച്ച് നഗരസഭ ബസ് സ്റ്റാന്‍ഡില്‍ ‘മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം’ എന്ന വിഷയത്തില്‍ പോസ്റ്റര്‍ പ്രദര്‍ശനം നടത്തി. മാലിന്യസംസ്കരണം, സാമൂഹ്യശുചിത്വം, വ്യക്തിശുചിത്വം എന്നീ വിഷയങ്ങളിലാണ് പോസ്റ്റര്‍ പ്രദര്‍ശനം നടത്തിയത്. പൊതുസ്ഥല ശുചീകരണത്തിലും വിദ്യാര്‍ഥിനികള്‍ ഊര്‍ജ്ജസ്വലതയോടെ പങ്കെടുത്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. സിനി വര്‍ഗീസ്, അമൃത തോമസ് എന്നിവരുടെ നേതൃത്വത്തില്‍ 16 ഓളം വൊളന്റിയര്‍മാരാണ് ഈ പരിപാടികളില്‍ പങ്കെടുത്തത്. കൂടാതെ നഗരസഭ ഹില്‍പാര്‍ക്ക് ഖരമാലിന്യ സംസ്കരണ കേന്ദ്രത്തില്‍ വൊളന്റിയര്‍മാര്‍ സന്ദര്‍ശനം നടത്തുകയും മാലിന്യ സംസ്കരണ സംവിധാനങ്ങളെ പരിചയപ്പെടുകയും ചെയ്തു. പരിപാടിയില്‍ ഇരിങ്ങാലക്കുട ‘ഒലിവ്ഹൈറ്റ്സ്’ ഫ്ളാറ്റിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിക്കുകയും ചെയ്തു.