ഭരണാധികാരികള്‍ പിഴുതെടുക്കുന്നതു സാധാരണക്കാരന്റെ ജീവിതം-സിസ്റ്റര്‍ റോസ് ആന്റോ
ഇരിങ്ങാലക്കുട: വികസനത്തിന്റെ മറവില്‍ ഭരണാധികാരികള്‍ പിഴുതെടുക്കുന്നതു സാധാരണക്കാരന്റെ ജീവിതമാണെന്നും കാലാവസ്ഥ വ്യതിയാനവും ഇന്നത്തെ ദുരന്തമുഖങ്ങളും മനുഷ്യ നിര്‍മിതിയാണെന്നും സിസ്റ്റര്‍ റോസ് ആന്റോ അഭിപ്രായപ്പെട്ടു. പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കാസര്‍കോഡു നിന്നു കാല്‍നടയായി കന്യാകുമാരിയിലേക്കു യാത്ര ചെയ്യുന്ന ശരത്ത് എടപ്പാള്‍ എന്ന ചെറുപ്പക്കാരന് ഇരിങ്ങാലക്കുടയില്‍ നല്കിയ യാത്രയയപ്പു യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. പൂമ്പാറ്റകള്‍ നിലനില്ക്കുവോളം മാത്രമാണു മനുഷ്യജീവന് ഭൂമുഖത്തു നിലനില്ക്കുകയുള്ളുവെന്നും പക്ഷികളും ശലഭങ്ങളും യഥേഷ്ടം സഞ്ചരിക്കട്ടെയെന്നും സിസ്റ്റര്‍ കൂട്ടി ചേര്‍ത്തു. 24 ദിവസം കൊണ്ടു 450 കിലോമീറ്റര്‍ പിന്നിട്ട കാല്‍നടയാത്ര കഴിഞ്ഞ ദിവസം വൈകീട്ട് ഇരിങ്ങാലക്കുടയില്‍ എത്തിച്ചേര്‍ന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെയും ഇരിങ്ങാലക്കുട കൂട്ടായ്മയുടെയും നേതൃത്വത്തില്‍ നല്കിയ യാത്രയയപ്പു യോഗത്തില്‍ പി.എന്‍. സുരന് അധ്യക്ഷത വഹിച്ചു. ശരത്ത് ചേലൂര്‍, അഭി തുമ്പൂര്‍, അഡ്വ. സി.കെ. ദാസന്, എം.എം. കാര്ത്തികേയന്, ശരത്ത് തുമ്പൂര്‍, ടി.കെ. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. കാലിക പ്രസക്തമായ തന്റെ യാത്രയെ വിവിധ ദേശങ്ങളിലെ കലാ സാംസ്കാരിക പരിസ്ഥിതി മേഖലയിലെ നിരവധി സംഘടനകളും വ്യക്തികളും നല്കിയ സ്വീകരണങ്ങളും സഹായങ്ങളുമാണ് ഈ യാത്രക്കു പ്രചോദനമാകുന്നതെന്നും പരിസ്ഥിതി സംരക്ഷണം ഓരോ മനുഷ്യന്റെയും ജീവിതത്തിന്റെ ഭാഗമാണെന്നും നന്മയുടെ മരങ്ങള്‍ നശിച്ചു പോയിട്ടിലെന്ന് ഈ യാത്ര സൂചിപ്പിക്കുന്നുണ്ടെന്നും ശരത്ത് എടപ്പാള്‍ പറഞ്ഞു. ബസ് സ്റ്റാന്‍ഡില്‍ നല്കിയ യാത്രയയപ്പിനു നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുടയുടെ ഓര്‍മയ്ക്കായ് ആര്‍ട്ടിസ്റ്റ് അയ്യപ്പന് വരച്ച ബുദ്ധമയൂരി എന്ന ചിത്രശലഭത്തിന്റെ ചിത്രം സിസ്റ്റര്‍ റോസ് ആന്റോ ശരത്ത് എടപ്പാളിനു നല്കി.