മുരിയാട് പഞ്ചായത്തില്‍ നിലാവ് മങ്ങി; റീത്ത് സമര്‍പ്പിച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം
മുരിയാട്: സംസ്ഥാന സര്‍ക്കാര്‍ കെഎസ്ഇബിയുടെ നേതൃത്വത്തില്‍ നിലാവ് എന്ന പേരില്‍ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള എല്‍ഇഡി തെരുവുവിളക്കുകള്‍ പ്രകാശിക്കാതായിട്ട് മാസങ്ങളായി. കെഎസ്ഇബിയുടെ പദ്ധതിയായതിന്റെ പേരില്‍ ഇതുമാറ്റി സ്ഥാപിക്കുന്നതിനു പഞ്ചായത്ത് തയാറാകുന്നില്ല. കെഎസ്ഇബിയില്‍ ചെന്നാല്‍ പകരം സംവിധാനം ഇല്ലെന്നു പറഞ്ഞു വിളക്കുകള്‍ മാറ്റി സ്ഥാപിക്കാന്‍ തയാറാകാറില്ല. ഫലത്തില്‍ പഞ്ചായത്തിലെ പല സ്ഥലങ്ങളും ഇരുട്ടിലായിട്ടു മാസങ്ങളായി. തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാത്ത പഞ്ചായത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകാശിക്കാത്ത വിളക്ക് കാലില്‍ റീത്ത് സമര്‍പ്പിച്ച് പ്രതിഷേധം നടത്തി. പ്രസിഡന്റ് തോമസ് തൊകലത്ത് റീത്ത് സമര്‍പ്പിച്ചു. ബ്ലോക്ക് ഭാരവാഹികളായ തോമസ് തത്തംപിള്ളി, സി.വി. ജോസ്, എം.എന്‍. രമേശ്, സാജു പാറേക്കാടന്‍, പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവ്യര്‍ ആളൂക്കാരന്‍, നിത അര്ജുനന്, നേതാക്കളായ ഐ.ആര്. ജെയിംസ്, ജോമി ജോണ്‍, വിബിന് വെള്ളയത്ത്, ജസ്റ്റിന് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.