വായ്പ്പാ തട്ടിപ്പ് വിഷയം വീണ്ടും നിയമസഭയില്‍ ഉന്നയിക്കും-വി.ഡി. സതീശന്
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്കു പണം എന്നു തിരിച്ചു നല്കുമെന്നു പ്രഖ്യാപിക്കാന്‍ സര്‍ക്കാരും കേരള ബാങ്കും തയാറാകണമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. വിഷയം നിയമസഭയില്‍ വീണ്ടും അവതരിപ്പിക്കും. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്കു പണം തിരിച്ചു നല്‍കുക, ക്രൈംബ്രാഞ്ച് അന്വേഷണം ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിവൈഎസ്പി ഓഫീസിലേക്കു കോണ്‍ഗ്രസ് നടത്തിയ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കില്‍ നടന്ന കൊള്ളയെക്കുറിച്ച് വ്യക്തമായി മനസിലാക്കിയിട്ടും ഇതിനു കൂട്ടുനിന്ന സിപിഎം നേതാക്കളെ ചോദ്യം ചെയ്യാന്‍ പോലീസ് തയാറാകണം. മുഴുവന്‍ ഭരണസമിതി അംഗങ്ങളെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ഇവരെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നതു സിപിഎം നേതാക്കള്‍ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കരുവന്നൂര്‍ ബാങ്കില്‍ നടന്നതു വന്‍ കൊള്ളയാണെന്നു തെളിഞ്ഞീട്ടും നിയമപരമായ നടപടി ക്രമങ്ങള്‍ക്കു വിട്ടു കൊടുക്കാതെ ഈ കൊള്ള നടത്തിയ ആളുകള്‍ക്കു കുടപിടിച്ചുകൊടുത്ത സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ ഈ കൊള്ളയില്‍ പങ്കാളികളാണ്. കോണ്‍ഗ്രസ് ഈ വിഷയം നിയമസഭയില്‍ കൊണ്ടുവന്നതോടയാണ് പ്രതികളില്‍ ചിലരെ അറസ്റ്റു ചെയാന്‍ പോലീസ് തയാറായത്. പാര്‍ട്ടി നേതാക്കളുടെ അറിവോടെയാണ് ഇനി പിടിയിലാകാനുള്ള പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അവരെ പിടിച്ചാല്‍ പാര്‍ട്ടിയിലെ പല വമ്പന്മാരും പ്രതികളാകുമെന്നും വി.ഡി. സതിശന് കൂട്ടിച്ചേര്‍ത്തു. മുഴുവന്‍ കുറ്റവാളികളെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതു വരെ കോണ്‍ഗ്രസ് സമരരംഗത്ത് ഉണ്ടാകുമെന്നും മുഖ്യപ്രഭാഷണം നടത്തിയ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് ജോസ് വളളൂര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്, നേതാക്കളായ സി.ഒ. ജേക്കബ്, സുനില്‍ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, കെ.കെ. ശോഭനന്, സോണിയഗിരി, സതീഷ് വിമലന്, സോമന് ചിറ്റേത്ത്, ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി തുടങ്ങിയവര്‍ പങ്കെടുത്തു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി പ്രസംഗിച്ചു. മാപ്രാണം കുരിശ് ജംഗ്ഷനില്‍ നിന്ന് പത്തരയോടെ ആരംഭിച്ച മാര്‍ച്ച് ബാരിക്കേഡുകള്‍ വെച്ച് പോലീസ് തടഞ്ഞു. ഉദ്ഘാടന പ്രസംഗത്തിനു ശേഷം പോലീസിന്റെ ബാരിക്കേഡുകള്‍ ചാടികടക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് എന്നിവര്‍ ഇടപ്പെട്ട് പിന്തിരിപ്പിച്ചു. ഇരിങ്ങാലക്കുട, മാള, അന്തിക്കാട്, ആളൂര്‍, കാട്ടൂര്‍ സ്റ്റേഷനുകളില്‍ നിന്നായി വന്‍പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. മാര്‍ച്ചിനെ തുടര്‍ന്ന് തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലെ വാഹനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് പോലീസ് തിരിച്ചു വിട്ടിരുന്നു.