കുടുംബങ്ങള്‍ക്കുള്ള കാറളത്തെ ലൈഫ് പദ്ധതി കോണ്‍ക്രീറ്റ് തൂണുകളിലൊതുങ്ങി
കോണ്‍ക്രീറ്റ് തൂണുകള്‍ വെള്ളത്തില്‍
കാറളം: തലചായ്ക്കാനിടമില്ലാത്ത ഒരു പറ്റം നിര്‍ധനരുടെ കാത്തിരിപ്പിന് ഇനിയും വിരാമമായിട്ടില്ല. കാറളം പഞ്ചായത്തില്‍ വെള്ളാനിയില്‍ ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കുമായി ലൈഫ് മിഷന് ഫ്ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം തുടക്കത്തിലേ നിലച്ചതോടെയാണ് ഇവരുടെ കാത്തിരിപ്പിനു മങ്ങലേറ്റത്. കൃത്യമായ രൂപരേഖയില്ലാതെ നിര്‍മാണം ആരംഭിച്ചതാണു പദ്ധതി പാതിവഴിയിലാക്കിയത്. ലൈഫ് മിഷനോടു പുതിയ രൂപരേഖ നല്കാന് പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. 2020 സെപ്റ്റംബര്‍ 24 നു മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈന്‍ വഴിയാണ് ഇതിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. മന്ത്രി എ.സി. മൊയ്തീന്, പ്രഫ. കെ.യു. അരുണന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ്, വൈസ് പ്രസിഡന്റ് സുനിത മനോജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി. പ്രസാദ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആറുമാസം കൊണ്ടു പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഒരുവര്‍ഷം പിന്നിട്ടിട്ടും കോണ്‍ക്രീറ്റ് തൂണുകള്‍ മാത്രമാണു സ്ഥാപിച്ചിട്ടുള്ളത്. തൂണുകളുടെ ഇരുമ്പു കമ്പികളെല്ലാം മേല്പ്പോട്ട് നോക്കി നില്ക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.
ഭീതിയില്ലാതെ കിടന്നുറങ്ങാന്‍ കൊതിച്ച് 72 കുടുംബങ്ങള്‍
കാറളം ഗ്രാമപഞ്ചായത്തിലെ വെള്ളാനിയില്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 84 സെന്റില്‍ രണ്ടു ബ്ലോക്കുകളിലായി 72 ഫ്ളാറ്റുകളാണ് ലൈഫ് മിഷന് നിര്‍മിക്കുന്നത്. 72 കുടുംബങ്ങള്‍ക്കാണ് ഇവിടെ താമസസൗകര്യം ഒരുക്കുന്നത്. 9.20 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന കെട്ടിടസമുച്ചയങ്ങളുടെ ആകെ വിസ്തീര്‍ണം 43,000 ചതുരശ്ര അടിയാണ്. പാര്‍പ്പിട യൂണിറ്റുകള്‍ക്കു പുറമെ വയോജനപരിപാലന കേന്ദ്രം, കോമണ്‍ റൂം, സിക്ക് റൂം, മാലിന്യസംസ്കരണ സംവിധാനങ്ങള്‍, സൗരോര്‍ജ സംവിധാനം എന്നിവയും ഉണ്ടാകും. രണ്ടു കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, ബാല്‍ക്കണി, ശൗചാലയം എന്നിവ ഉള്‍പ്പെടുന്നതാണ് ഓരോ യൂണിറ്റും. അഹമ്മദാബാദിലെ മിത്സുമി ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണു ലൈഫ് മിഷന് കരാര്‍ നല്‍കിയിരിക്കുന്നത്.
തുടക്കത്തിലേ കല്ലുകടി
വെള്ളാനിയില്‍ നിര്‍മിക്കുന്ന ലൈഫ് മിഷന് ഭവന സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ നിന്നും സ്ഥലം എംപി ടി.എന്‍. പ്രതാപനു പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമായ യുഡിഎഫ് ജനപ്രതിനിധികള്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നിരുന്നു. കാറളം ഗ്രാമപഞ്ചായത്ത് 13-ാം പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഭൂരഹിത ഭവനരഹിതര്‍ക്കുവേണ്ടി പട്ടികജാതി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 84 സെന്റ് ഭൂമിയിലാണു ജനറല്‍ വിഭാഗത്തിനുവേണ്ടിയുള്ള ഭവനനിര്‍മാണം നടത്തുന്നതെന്നാണു പട്ടികമോര്ച്ചയുടെ ആരോപണം.
പുതിയ രേഖ ലഭിച്ചിട്ടുണ്ട്, അംഗീകാരം ലഭിക്കുന്നതോടെ നിര്‍മാണം ആരംഭിക്കും- സീമ പ്രേംരാജ് (കാറളം പഞ്ചായത്ത് പ്രസിഡന്റ്)
ഫഌറ്റ് സമുച്ചയത്തിനു പുതിയ രൂപരേഖ ലഭിച്ചിട്ടുണ്ട്. അതിന് അംഗീകാരം ലഭിക്കുന്നതോടെ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. എത്രയും വേഗം നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമം ഉണ്ടാകുമെന്നു പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് പറഞ്ഞു.