കൂടല്‍മാണിക്യം കച്ചേരിവളപ്പ്; താലൂക്ക് റെക്കോഡ് റൂം പൊളിക്കാന്‍ അനുമതി തേടി ദേവസ്വം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കച്ചേരിവളപ്പിലെ താലൂക്ക് റെക്കോഡ് റൂം പൊളിക്കാന്‍ അനുമതി നല്‍കണമെന്നു ദേവസ്വം ആവശ്യപ്പെട്ടു. 2014 ലാണ് കച്ചേരിവളപ്പും അനുബന്ധ കെട്ടിടങ്ങളും സര്‍ക്കാര്‍ ദേവസ്വത്തിനു കൈമാറിയത്. പിന്നീട് കോടതി കെട്ടിടത്തിനോടു ചേര്‍ന്നു ജീര്ണാവസ്ഥയില് നില്ക്കുന്ന താലൂക്ക് റെക്കോഡ് റൂം ഭരണാനുമതി കിട്ടി ടെന്‍ഡര്‍ വിളിച്ച് പൊളിക്കാന്‍ ആരംഭിച്ചപ്പോഴാണു ദേവസ്വം ചെയര്‍മാനും അഡ്മിനിസ്ട്രേറ്റര്ക്കുമെതിരേ പോലീസ് കേസെടുത്തത്. എന്നാല്‍ ഈ കേസ് ഹൈക്കോടതി റദ്ദാക്കി. അതിനാല്‍ ദേവസ്വത്തിന്റെ ഭരണാനുമതിക്കനുസരിച്ച് ഈ റെക്കോഡ് റൂം പൊളിച്ചു മാറ്റുന്നതിനുള്ള അനുമതി നല്കണമെന്നാവശ്യപ്പെട്ടു ദേവസ്വം കോടതിയെ സമീപിച്ചു. ഇരിങ്ങാലക്കുട നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ സ്ഥലത്തു കാടുകയറി വളരെ പരിതാപകരമായ അവസ്ഥയിലാണു കെട്ടിടം നില്‍ക്കുന്നത്. ജീര്ണാവസ്ഥയില് നില്ക്കുന്ന കെട്ടിടത്തിന്റെ പിന്‍വശവും മേല്‍ക്കൂരയിലെ ഓടും തകര്‍ന്നുവീണു. അടിയന്തരമായി ഈ കെട്ടിടം പൊളിച്ചുമാറ്റാന്‍ അനുമതി നല്‍കണമെന്നാണു ദേവസ്വം ആവശ്യപ്പെട്ടിരിക്കുന്നതെന്നു ചെയര്മാന് യു. പ്രദീപ് മേനോന് പറഞ്ഞു. ഇക്കാര്യം ബന്ധപ്പെട്ട അധികാരികളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കച്ചേരിവളപ്പ് കൈമാറുന്ന സമയത്ത് ആറുമാസത്തിനകം ഓഫീസുകളും കോടതികളും മാറ്റുമെന്നാണു പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏഴുവര്‍ഷമായിട്ടും കോടതി പൂര്‍ണമായും മാറ്റിയിട്ടില്ല. സിവില്‍ സ്റ്റേഷനില്‍ കോര്‍ട്ട് കോംപ്ലക്സ് പൂര്‍ത്തിയാകുന്നതോടെ മജിസ്ട്രേറ്റ് കോടതി മാറ്റുമെന്നാണു പറയുന്നത്. എന്നാല്‍ കച്ചേരിവളപ്പിലെ മാറിയ ഓഫീസ് സ്ഥലങ്ങള്‍ ഉപയോഗിക്കാന്‍ ഇപ്പോഴും ദേവസ്വത്തിനു സാധിക്കുന്നില്ലെന്നും ചെയര്മാന് പറഞ്ഞു.
കോടതിവസ്തുക്കള് മോഷണം പോയെന്ന കേസ് ഹൈക്കോടതി റദ്ദാക്കി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം കച്ചേരിവളപ്പിലെ മുറിയില്നിന്ന്ു കോടതിയിലെ തൊണ്ടിമുതലുകള്‍ കളവുപോയി എന്നാരോപിച്ച് ദേവസ്വം ചെയര്‍മാനും അഡ്മിനിസ്ട്രേറ്റര്ക്കുമെതിരേ ഇരിങ്ങാലക്കുട പോലീസെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഇത്തരം ഒരു സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഇടയായത് നിയമനടപടിയുടെ ദുരുപയോഗമാണെന്നു പരാമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് പി. സോമരാജന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദുചെയ്തത്. മുകുന്ദപുരം തഹസില്‍ദാര്‍ കച്ചേരിവളപ്പിന്റെ ഉടമസ്ഥരായ ദേവസ്വം അധികാരികള്‍ക്കു താക്കോല്‍ കൈമാറുകയും ദേവസ്വം കെട്ടിടം ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ അവിടെനിന്നു തൊണ്ടിമുതലുകള്‍ കളവുപോയി എന്ന ആരോപണം ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.