ഗതകാല സ്മൃതികള്‍ക്കു വിട….. മരണമൊഴികാത്ത് മഹാത്മാ പാര്‍ക്ക്

ഇരിങ്ങാലക്കുട: ടൗണിലെ വിവിധ സാംസ്കാരിക കൂട്ടായ്മകള്‍ക്കും ഒത്തുചേരലുകള്‍ക്കും സാക്ഷ്യം വഹിച്ച മഹാത്മാ പാര്‍ക്ക് നാശോന്മുഖമായി. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി ഇരിങ്ങാലക്കുടയില്‍ വന്നപ്പോള്‍ സഞ്ചരിച്ചിരുന്ന റോഡായ മഹാത്മാ റോഡിനരികെയാണ് ഈ പാര്‍ക്ക്. നഗരത്തിരക്കില്‍ നിന്നുമാറി മഹാത്മാ ലൈബ്രറിക്ക് അഭിമുഖമായുള്ള പാര്‍ക്ക് ഒരു കാലത്ത് സാംസ്കാരിക നായകന്മാരുടെയും വിജ്ഞാനദാഹികളുടെയും കൂടിച്ചേരലിനും തുറന്ന ചര്‍ച്ചകള്‍ക്കുമുള്ള ഒരു തുറന്ന ഇടമായിരുന്നു. നിരവധി പ്രശസ്ത സാഹിത്യകാരന്മാരുടെ പ്രിയപ്പെട്ട സ്ഥലമായിരുന്ന ഈ പാര്‍ക്ക് ഇപ്പോള്‍ നാശോന്മുഖമായിരിക്കുകയാണ്. നിരവധി സാംസ്കാരിക നായകര്‍ക്കും മഹാത്മാ പാര്‍ക്കിനെ സ്നേഹിച്ചിരുന്നവര്‍ക്കും ഹൃദയഭേദകമായ ഒരു കാഴ്ചയാണ് പാര്‍ക്കിന്റെ ഇന്നത്തെ അവസ്ഥ. അവിടെയുള്ള രണ്ട് ഇരിപ്പിടങ്ങള്‍ അനാഥമായ കാഴ്ചയാണിപ്പോഴുള്ളത്. ഉത്സവ കാലത്തും മറ്റും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ഇടമായും പാര്‍ക്ക് ഉപയോഗിക്കുന്നുണ്ട്. മഴപെയ്താല്‍ ചെളി കെട്ടിനില്‍ക്കുന്നതും പതിവായി. പലതവണ പാര്‍ക്ക് പഴയപടിയാക്കണമെന്ന് ഇരിങ്ങാലക്കുടയിലെ മുതിര്‍ന്ന സാഹിത്യകാരന്മാര് ആവശ്യപ്പെട്ടെങ്കിലും നാളിതുവരെയായിട്ടും നടപടിയുണ്ടായിട്ടില്ല. അധികൃതരുടെ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നാണ് ഉയര്‍ന്നുവന്നിരിക്കുന്ന ആവശ്യം.