കരുവന്നൂര്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; ജപ്തി ഭീഷണിയെത്തുടര്‍ന്ന് ഗൃഹനാഥന് ജീവനൊടുക്കി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്തയാള്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. മാപ്രാണം തളിയക്കോണം സ്വദേശി ആലപ്പാടന്‍ ജോസ് (62) ആണ് ജീവനൊടുക്കിയത്. വായ്പ തിരിച്ചടക്കാന്‍ സാധിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യക്കു കാരണമായി പറയപ്പെടുന്നത്. ഇന്ന് രാവിലെ വീടിനു മുന്നിലെ മരച്ചില്ലയിലാണ് ജീവനൊടുക്കിയത്. വായ്പ ഉടന്‍ തിരിച്ചടക്കണമെന്നും അല്ലാത്തപക്ഷം വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്കില്‍ നിന്നും നോട്ടീസ് നല്‍കിയിരുന്നു. ഏഴു ലക്ഷം രൂപയാണ് കടബാധ്യതയുള്ളത്. മകളുടെ വിവാഹാവശ്യത്തിന് നാലു ലക്ഷം രൂപയാണ് ലോണ്‍ എടുത്തിരുന്നതെങ്കിലും ലോണ്‍ പുതുക്കി ഇപ്പോള്‍ ഏഴു ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. കല്പണി ചെയ്തു ഉപജീവനം നടത്തുന്ന ജോസിന് സ്വന്തമായി എട്ടു സെന്റ് സ്ഥലവും വീടുമാണ് ഉള്ളത്. ഈ വസ്തുവാണ് ബാങ്കില്‍ വായ്പക്ക് ഈട് നല്‍കിയിരിക്കുന്നത്. കൊറോണ സമയത്ത് ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന സമയത്താണ് ബാങ്കില്‍ നിന്നും വായ്പ തിരിച്ചടക്കുവാന്‍ സമ്മര്‍ദമുണ്ടായതും ജപ്തി നോട്ടീസ് വന്നതും. സംസ്കാരം ഇന്നു നടക്കും. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ഫിലോമിന. മക്കള്‍: ജോഫീന, ഫില്‍ജോ. കരുവന്നൂര്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടക്കാതെ വന്നതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രണ്ടാമത്തെ വ്യക്തിയാണ് ജോസ്. മുന്‍ പൊറത്തിശേരി പഞ്ചായത്തംഗം കരുവന്നൂര്‍ തേലപ്പിള്ളി സ്വദേശി തളിയക്കാട്ടില്‍ വീട്ടില്‍ ടി.എം. മുകുന്ദന് (63) നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.
ആലപ്പാടന്‍ ജോസിന്റെ ആത്മഹത്യ; ബാങ്ക് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കണം-കോണ്‍ഗ്രസ്
മാപ്രാണം: തളിയകോണത്തുള്ള ആലപ്പാടന്‍ ജോസിന്റെ ആത്മഹത്യയില്‍ കരുവന്നൂര്‍ ബാങ്ക് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബാങ്ക് അധികൃതരുടെ നിരന്തര ഭീഷണിയും കടുത്ത സമ്മര്‍ദ്ധവും മൂലമാണു ജോസ് ആത്മഹത്യ ചെയ്തത്. ഈ ബാങ്കില്‍ നിന്നു ലോണ്‍ എടുത്തിട്ടുള്ള സിപിഎം ഇതരപാര്ട്ടികളില്പ്പെട്ട ആളുകളെ ഭീഷണിപ്പെടുത്തലും കടുത്ത സമ്മര്‍ദ്ധവും ബാങ്ക് അധികൃതര്‍ പതിവാക്കിയിരിക്കുകയാണ്. ലോണ്‍ എടുത്തിട്ടുള്ള സിപിഎം അനുഭാവികളെ വലിയ കുടിശിക ഉണ്ടെങ്കിലും നോട്ടീസു പോലും അയക്കാറില്ല. വിവേചനപരമായ ഇത്തരം നടപടികളില്‍ നിന്നും ബാങ്ക് അധികൃതര്‍ പിന്മാറണമെന്നും സര്‍ക്കാര്‍ ഈ കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും തളിയക്കോണത്തു ചേര്‍ന്ന കോണ്‍ഗ്രസ് പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിളളി, ബൈജു കുറ്റിക്കാടന്‍, അഡ്വ. പി.എന്‍. സുരേഷ്, ലിംഗ്സണ്‍ ചാക്കോര്യാ, വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ബാങ്കില്‍ നിന്നും നേരിട്ടു നോട്ടീസ് അയയ്ക്കുകയോ വായ്പ ഉടനെ തീര്‍ക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല- ബാങ്ക് സെക്രട്ടറി (ഇന്‍ചാര്‍ജ്)
കരുവന്നൂര്‍: ബാങ്കില്‍ അംഗമായ തളിയക്കോണം ദേശത്തു ജോസ് ആലപ്പാടന്‍ ആധാരം പണയപ്പെടുത്തി 2019 ഡിസംബര്‍ 30 നു 4,50,000 രൂപ വായ്പ എടുത്തിട്ടുണ്ട്. 4,19,929 രൂപ വായ്പ ബാക്കി നിലവിലുണ്ട്. ഈ വായ്പയില്‍ 13 തവണ മുടക്കുപ്രകാരം 71,637 രൂപ കുടിശിക ഉണ്ട്. ബാങ്കില്‍ നിന്നും എല്ലാ കുടിശികയായ വായ്പകള്‍ക്കും നോട്ടീസ് അയക്കുന്ന കൂട്ടത്തില്‍ ഇയാള്‍ക്കും ഏപ്രില്‍ 17 നു മുടക്കു വിവരം അറിയിച്ചു കൊണ്ടു നോട്ടീസ് അയച്ചിട്ടുണ്ട്. തുടര്‍ന്നു ഇയാള്‍ ഏപ്രില്‍ 30 നു ബാങ്കില്‍ നേരിട്ടു വന്നു 15,000 രൂപയും ജൂണ്‍ 28 നു 4,500 രൂപയും വായ്പ്പയിലേക്കു അടച്ചിട്ടുണ്ട്. ഇതിനു ശേഷം ബാങ്കില്‍ നിന്നു നോട്ടീസ് അയയ്ക്കുകയോ, നേരിട്ടു ബന്ധപ്പെടുകയോ, വായ്പ ഉടനെ അടച്ചു തീര്‍ക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഇദ്ദേഹം വായ്പ തിരിച്ചു അടക്കുന്നതുമായി ബന്ധപ്പെട്ടു സാമ്പത്തിക ബുദ്ധിമുട്ടുള്ളതായി ബാങ്കിനെ അറിയിച്ചിട്ടില്ല. ജപ്തി നടപടികളുടെ മുന്നോടിയായിട്ടുള്ള ആര്ബിട്രേഷന് എക്സിക്യൂഷന് നടപടികള്‍ ഈ വായ്പയില്‍ ഉണ്ടായിട്ടില്ല എന്നും ബാങ്ക് സെക്രട്ടറി (ഇന്‍ചാര്‍ജ്) പറഞ്ഞു.