കരുവന്നൂര്‍ ബാങ്കിന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ സിപിഎമ്മും മന്ത്രി ഡോ. ആര്. ബിന്ദുവും ശവപ്പെട്ടികച്ചവടം ആരംഭിക്കണം-കെ.കെ. അനീഷ്കുമാര്‍
കരുവന്നൂര്‍: കരുവന്നൂര്‍ ബാങ്ക് 300 കോടി സിപിഎം കൊള്ളയുമായി ബന്ധപ്പെട്ട ജനകീയ സമരങ്ങള്‍ നടന്നുകൊണ്ടിരിക്കെ അതിദാരുണമായി രണ്ടാമതും ഒരാളെ ആത്മഹത്യയിലെത്തിച്ചതില് പ്രതിഷേധിച്ചു കൊണ്ട് ബിജെപി നിയോജകമണ്ഡലം കമ്മിറ്റി ബാങ്ക് ഹെഡ് ഓഫീസിനു മുമ്പില്‍ ‘ശവപ്പെട്ടിസമരം’ സംഘടിപ്പിച്ചു. ആദ്യത്തെ ആത്മഹത്യയും നിരവധി ജനകീയ സമരങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടുകളും മനസിലാക്കിയിട്ടും പരിഹാരമുണ്ടാക്കാന്‍ കഴിയാതെ നിരവധി ആളൂകളുടെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന സിപിഎമ്മിനും മന്ത്രി ഡോ. ആര്. ബിന്ദുവിനും ബാങ്ക് സൂപ്പര്‍മാര്‍ക്കറ്റില്‍ ശവപ്പെട്ടി കച്ചവടം നടത്തുന്നതാണ് നല്ലതെന്നു ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാര്‍ പറഞ്ഞു. പ്രതീകാത്മകമായി അദ്ദേഹം ശവപ്പെട്ടിയില്‍ റീത്ത് സമര്‍പ്പിച്ചു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ്, ജില്ലാ സെക്രട്ടറി കവിത ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, മണ്ഡലം ഭാരവാഹികളായ അഖിലാഷ് വിശ്വനാഥന്, ഷാജൂട്ടന്‍, സി.സി. മുരളി, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷിയാസ് പാളയംകോട്ട്, പാര്‍ട്ടി മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് ടി.ഡി. സത്യദേവ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംജി മാടത്തിങ്കല്‍, കൗണ്‍സിലര്‍മാരായ മായ അജയന്, ആര്‍ച്ച അനീഷ് കുമാര്‍, വിജയകുമാരി അനിലന്‍, സരിത സുഭാഷ്, എ.വി. സുരേഷ്, അജീഷ് പൈക്കാട്ട്, ജിനു ഗിരിജന്‍, ജോജന്‍ എന്നിവര്‍ നേതൃത്വം നല്കി.