പണിതു തീർത്ത കെട്ടിടത്തിനുമുണ്ട് മോഹങ്ങൾ…., ഇത് അവഗണനയുടെ നിത്യസ്മാരകം……
കരുവന്നൂരിലെ കേരളപ്പിറവി സുവർണ ജൂബിലി സ്മാരകത്തിന് അവഗണനയുടെ പത്തു വർഷങ്ങൾ
2010 ൽ നിർമാണം പൂർത്തീകരിച്ച കെട്ടിടമാണു നഗരസഭ ഭരണസമിതികളുടെ അനാസ്ഥമൂലം വെള്ളവും വെളിച്ചവുമില്ലാതെ നശിക്കുന്നത്
ഇരിങ്ങാലക്കുട: പണിതീരാതെ കിടക്കുന്ന നിരവധി കെട്ടിടങ്ങളുടെ കാഴ്ചകൾ കണ്ടുമടുത്ത ജനങ്ങൾക്ക് ഇതാ പണി തീർത്തീട്ടും ഇതുവരെയും തുറന്നുകൊടുക്കുവാൻ അധികൃതർ മടിക്കുന്ന ഒരു കെട്ടിടത്തിന്റെ ദുരവസ്ഥ കാണൂ. ഏറെ അവഗണനയുടെയും അനാസ്ഥയുടെയും നേർക്കാഴ്ചയാണു കരുവന്നൂർ ബംഗ്ലാവ് ജംഗ്ഷനിലെ നഗരസഭ സോണൽ ഓഫീസിനോടു ചേർന്നുള്ള കേരളപ്പിറവി സുവർണ ജൂബിലി സ്മാരക മന്ദിരം. പൊറത്തിശേരി പഞ്ചായത്ത് നഗരസഭയോടു ചേർക്കുന്നതിനു തൊട്ടുമുമ്പു 2010 ൽ നിർമാണം പൂർത്തീകരിച്ച കെട്ടിടമാണു മാറിമാറി വന്ന നഗരസഭ ഭരണസമിതികളുടെ അനാസ്ഥ മൂലം വെള്ളവും വെളിച്ചവുമില്ലാതെ നശിക്കുന്നത്. കേരളപ്പിറവിയുടെ സുവർണ ജൂബിലിയുടെ ഭാഗമായി എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സ്മാരക മന്ദിരങ്ങൾ നിർമിക്കണമെന്ന അന്നത്തെ സർക്കാർ നിർദേശപ്രകാരമാണു പൊറത്തിശേരി പഞ്ചായത്ത് ബംഗ്ലാവ് ജംഗ്ഷനിലുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ മന്ദിരം നിർമിച്ചത്. സാക്ഷരതാ തുടർവിദ്യാകേന്ദ്രം, പബ്ലിക് ഇൻഫോർമേഷൻ സെന്റർ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി ഓഫീസുകൾ, മീറ്റിംഗ് ഹാൾ, പഴയ കെട്ടിടത്തിലെ ഗ്രാമീണ വായനാശാല തുടങ്ങിയവയ്ക്കു വേണ്ടിയാണു ലക്ഷങ്ങൾ ചെലവഴിച്ചു കെട്ടിടം നിർമിച്ചത്. 2006 ഡിസംബർ ഒമ്പതിന് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി പാലൊളി മുഹമ്മദ്ക്കുട്ടി തറക്കല്ലിട്ട കെട്ടിടത്തിന്റെ ഉദ്ഘാടനം 2010 സെപ്റ്റംബർ അഞ്ചിനു അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണു നിർവഹിച്ചത്. കെട്ടിടത്തിന്റെ വൈദ്യുതീകരണം മാത്രമാണു ബാക്കിയുണ്ടായിരുന്നത്. അധികം താമസിയാതെ പൊറത്തിശേരി പഞ്ചായത്ത് നഗരസഭയുടെ ഭാഗമായി. പിന്നീട് 2016 ൽ വൈദ്യൂതീകരണം പൂർത്തിയാക്കി ഗ്രാമീണ വായനശാല കെട്ടിടത്തിലേക്കു മാറ്റി. എന്നാൽ ത്രീ ഫേസ് വൈദ്യുതി കണക്ഷനായിരുന്നു കെട്ടിടത്തിനു ലഭിച്ചത്. വൈദ്യുതി ബിൽ അടയ്ക്കേണ്ട ബാധ്യത വായനാശാലയ്ക്കായിരുന്നു. ഭീമമായ വൈദ്യുതി ബില്ലുകൾ വായനശാലയ്ക്ക് അടയ്ക്കാൻ കഴിയാതെ വന്നതോടെ കെഎസ്ഇബി വൈദ്യുതി വിഛേദിച്ചു. കെട്ടിടത്തിന്റെ പല വാതിലുകളും ജനലുകളും തകർന്ന നിലയിലാണ്. രാത്രിയിൽ കെട്ടിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ്.