വിശ്വസാഹിത്യത്തില്‍ വിസ്മയം തീര്‍ത്ത മലയാളി എഴുത്തുകാരുടെ പട്ടികയിലേക്ക്
ഇരിങ്ങാലക്കുടയില്‍ നിന്ന് ഒരു എഴുത്തുകാരി; ‘ ദി മിസ്റ്റീരിയസ് ഡാന്‍സ് ഓഫ് വിന്റേജ് ഫോളീസ് ‘ വായനക്കാരുടെ കൈകളിലേക്ക്..
ഇരിങ്ങാലക്കുട: വിശ്വസാഹിത്യത്തില്‍ വിസ്മയം തീര്‍ത്ത മലയാളി എഴുത്തുകാരുടെ പട്ടികയിലേക്ക് ഇരിങ്ങാലക്കുടയില്‍ നിന്ന് ഒരു എഴുത്തുകാരി കൂടി. ഇരിങ്ങാലക്കുടയ്ക്കടുത്ത് ഐക്കരക്കുന്നില്‍ അരിയ്ക്കത്ത് മനയില്‍ സജുവിന്റെ ഭാര്യ ഹേമ സാവിത്രിയാണ് യാണ് ഈ എഴുത്തുക്കാരി. വടക്കന്‍ കേരളത്തിലെ ഒരു സാങ്കല്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ തെയ്യം കലാകാരന്റെ സ്വത്വപരമായ പ്രതിസന്ധികളിലൂടെ സഞ്ചരിക്കുന്ന ‘ ദി മിസ്റ്റീരിയസ് ഡാന്‍സ് ഓഫ് വിന്റേജ് ഫോളീസ്” (The Mysterious Dance of Vintage Follies) ലോകമെമ്പാടുമുള്ള വായനക്കാരുടെ കൈകളിലേക്ക് എത്തിക്കഴിഞ്ഞു. ‘ ഇന്ത്യന്‍ റൈറ്റിംഗ് ഇന്‍ ഇംഗ്ലീഷ് ” എന്ന വിഷയത്തില്‍ കോയമ്പത്തൂര്‍ കാരുണ്യ സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന ഹേമ സാവിത്രിയുടെ ആദ്യ നോവല്‍ കൂടിയാണിത്. അമ്പതുകള്‍ പിന്നിട്ട ദളിത് കലാകാരനായ കേശുവും കേശുവിന്റെ ജീവിതത്തിലേക്ക് അറിഞ്ഞും അറിയാതെയും കടന്നു വരുന്ന പത്തോളം കഥാപാത്രങ്ങളിലൂടെയാണ് മുന്നൂറോളം പേജുകള്‍ ഉള്ള നോവല്‍ മുന്നോട്ട് പോകുന്നത്. ദൈവത്തിന്റെ പരിവേഷം ചില സമയങ്ങളില്‍ കൈവരുന്ന കേശു അതേ സമയം സമൂഹത്തില്‍ നിന്നുള്ള നിരന്തര അവഗണനകള്‍ നേരിടുന്നവന് കൂടിയാണ്. ദ്വന്ദവ്യക്തിത്വവുമായി പടവെട്ടിയാണ് കേശുവിന്റെ ജീവിതം. അപകടമെന്നോ കൊലപാതകമെന്നോ വിശേഷിപ്പിക്കാവുന്ന ഒരു കാഴ്ചക്ക് വിധേയനാകുന്ന കേശുവില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. ‘ തെയ്യം എന്ന കലയുടെ അപൂര്‍വമായ സൗന്ദര്യമാണ് കഥയുടെ പരിസരങ്ങളിലേക്ക് ആനയിച്ചത്. എഴുത്തിന്റെയും രചനയുടെയും രാഷ്ട്രീയം വായനക്കാര്‍ തന്നെ തീരുമാനിക്കട്ടെ” – ഹേമ സാവിത്രി പറയുന്നു.
ഗവേഷണത്തിന്റെ ഫൈനല്‍ തീസിസ് സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടയിലുള്ള അഞ്ച് മാസങ്ങള്‍ കൊണ്ടാണ് രചന പൂര്‍ത്തിയാക്കിയത് .അന്താരാഷ്ട്ര ജേര്‍ണലുകളില്‍ കവിതകള്‍ രചിച്ചിട്ടുള്ള ഹേമ ഒരു കവിതാ സമാഹാരത്തിന്റെ പണിപ്പുരയില്‍ കൂടിയാണിപ്പോള്‍. ഇരിങ്ങാലക്കുടയിലെ സ്കൂളില്‍ എഴ് വര്‍ഷത്തോളം ഇംഗ്ലീഷ് അധ്യാപികയായിരുന്നു. സുഹ്യത്തും അധ്യാപികയുമായ ദിവ്യ ധില്ലനാണ് പുസ്തകത്തിന്റെ കവര്‍ ചിത്രത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെന്മാന് ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുള്ള നോവല്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ എഴുത്തുകാരന് തന്മയ് ദുബെയാണ് പ്രകാശനം ചെയ്തത്. ആമസോണിലൂടെ വായനക്കാര്‍ക്ക് പുസ്തകം ലഭ്യമാണ്. പത്താം ക്ലാസ്സ് വിദ്യാര്‍ഥി ശ്രീദത്തന് മകനാണ്.