കോടതി സമുച്ചയത്തിന്റെ ആദ്യഘട്ട നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നു
ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നു; രണ്ടാംഘട്ടത്തിനുള്ള ഭരണാനുമതി വൈകുന്നു
ഇരിങ്ങാലക്കുട: കോടതി സമുച്ചയത്തിന്റെ ആദ്യഘട്ട നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നു. മിനി സിവില്‍ സ്റ്റേഷന് വളപ്പില്‍ മൂന്നര ഏക്കര്‍ സ്ഥലത്താണു കോര്‍ട്ട് കോംപ്ലക്സ് വിഭാവനം ചെയ്തിരിക്കുന്നത്. 80 മീറ്റര്‍ നീളത്തിലും 45 മീറ്റര്‍ വീതിയിലുമായി 1.68 ലക്ഷം ചതുരശ്ര അടിയില്‍ ഏഴുനിലകളിലായിട്ടാണു കോംപ്ലക്സ് നിര്‍മിക്കുന്നത്. ആദ്യഘട്ടമായി 29.25 കോടി ഉപയോഗിച്ചുള്ള അഞ്ചു നിലകളുടെ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കോടതി സമുച്ചയം രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള 42.6 കോടിക്ക് ഇതുവരേയും ഭരണാനുമതി ലഭിച്ചിട്ടില്ല. ഇതിനു ഭരണാനുമതി ലഭിച്ചു പ്ലാനും എസ്റ്റിമേറ്റും തയാറാക്കി സമര്‍പ്പിച്ചശേഷം സാങ്കേതിക അനുമതി ലഭിച്ചാല്‍ മാത്രമെ ടെന്‍ഡര്‍ നടപടികളിലേക്കു കടക്കാന്‍ കഴിയൂ. ഇലക്ട്രിക്കല്‍, ഫയര്‍, ലിഫ്റ്റ് തുടങ്ങിയവയെല്ലാം ചേര്‍ത്തുകൊണ്ടുള്ള ടെന്‍ഡറാണു രണ്ടാംഘട്ടത്തില്‍ നടത്തേണ്ടത്. ഇതിന് ഒരുപാട് സമയം ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ കോടതി സമുച്ചയം നിര്‍മാണത്തിനായി സ്ഥിരം എഇ ഇല്ലാത്തതിനാല്‍ ഈ പ്രവൃത്തികളുടെ എസ്റ്റിമേറ്റും പ്ലാനും തയാറാക്കുന്നതിനു കാലതാമസം വരും. സ്ഥിരം എഇ എത്തിയതിനു ശേഷമേ രണ്ടാംഘട്ട പ്രവൃത്തിയുടെ പ്രാഥമിക കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മാര്‍ച്ച് 31-നകം രണ്ടാംഘട്ട പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമെ പണികള്‍ തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുകയുള്ളൂ. 30 മാസത്തെ നിര്‍മാണ കാലാവധിയില്‍ മഞ്ചേരി ആസ്ഥാനമായ നിര്മാണ് കമ്പനിക്കാണു നിര്‍മാണ ചുമതല. 2016 ഫെബ്രുവരി 27 നാണു ശിലാസ്ഥാപനം നടന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ് ആണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി സുരേന്ദ്ര മോഹന്‍ അധ്യക്ഷത വഹിച്ചു. 2019 ഫെബ്രുവരി 27 നു നിര്‍മാണോദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സോഫി തോമസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്ത് ഹൈക്കോടതി കഴിഞ്ഞാല്‍ ഏറ്റവും വലിയ കോടതി മുച്ചയം
താഴത്തെ രണ്ടുനിലകളില്‍ റെക്കോഡ് മുറികള്‍, സബ് സ്റ്റേഷന്, പമ്പ് റൂം, സെക്യൂരിറ്റി ഓഫീസ്, കാന്റീന്, ബാര്‍ അസോസിയേഷന്, പോലീസ് വിശ്രമമുറി, ജഡ്ജസ് ലോഞ്ച്, അഡ്വക്കേറ്റ്സ് ക്ലര്‍ക്ക് റൂം, വീഡിയോ കോണ്‍ഫറന്‍സിംഗ് റൂം, ലൈബ്രറി, അടുക്കള, ഡൈനിംഗ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളും, വിസിറ്റിംഗ് റൂം, മെഡിറ്റേഷന്‍ സെന്റര്‍, തൊണ്ടിമുതല്‍ സൂക്ഷിക്കാനുളള സൗകര്യം തുടങ്ങിയവയാണ് ഒരുക്കുന്നത്. മുകളിലെ ഓരോ നിലയിലും രണ്ടുകോടതികള്‍ വീതം പ്രവര്‍ത്തിക്കും. 10 കോടതികളും അനുബന്ധ സൗകര്യങ്ങളും. നൂറു കാറുകള്‍, ടൂവീലര്‍ എന്നിവയുടെ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കുന്നുണ്ട്.