വൻ കൃഷിനാശം; താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറി. പടിയൂര്‍ പഞ്ചായത്തില്‍ പോത്താനി കിഴക്കേപാടത്ത് 42 ഏക്കറില്‍ നട്ടിരുന്ന ഞാറ് മുഴുവന്‍ വെള്ളത്തിലായി. കഴിഞ്ഞ മാസം പെയ്ത മഴയില്‍ വെള്ളംകയറി നശിച്ച ഞാറ് മാറ്റി 15 ദിവസം മുമ്പാണു വീണ്ടും ഞാറുനട്ടതെന്നു കര്‍ഷകര്‍ പറഞ്ഞു. ഷട്ടര്‍ തുറക്കാത്തതിനാല്‍ കരുവന്നൂര്‍ പുഴയില്‍ വലിയതോതില്‍ വെള്ളം ഉയര്‍ന്നിട്ടില്ലെന്നു സമീപവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മഴയ്ക്കു നേരിയ ശമനമുണ്ടായതിനാല്‍ പലയിടത്തും വെള്ളം താഴ്ന്നുതുടങ്ങി. പുല്ലൂര്‍ മഠത്തിക്കരയില്‍ മതിലിടിഞ്ഞു കാനയിലേക്കു വീണു. മഠത്തിക്കര രാജേഷിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞു സമീപത്തെ കാനയിലേക്കു വീണത്. ഇതേത്തുടര്‍ന്ന് ശാസ്താംകുളത്തില് നിന്നും അവിട്ടത്തൂര്‍ പൊതുമ്പച്ചിറയിലേക്കു വെള്ളമൊഴുകുന്ന കാന അടഞ്ഞു സമീപ വീടുകളിലേക്കു വെള്ളംകയറി. പിന്നീട് പ്രദേശവാസികളുടെ നേതൃത്വത്തില്‍ മതിലിന്റെ അവശിഷ്ടങ്ങള്‍ കാനയില്‍ നിന്നും മാറ്റിയാണു നീരൊഴുക്ക് പുനസ്ഥാപിച്ചത്. വീട് ഉയരത്തിലായതിനാല്‍ മതിലിനൊപ്പം വീടിനോടു ചേര്‍ന്നുള്ള മണ്ണും വീണു. ഇതേത്തുടര്‍ന്നു വീടും കിണറും തകര്‍ച്ചാഭീഷണിയിലാണ്. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വാര്‍ഡ് മെമ്പര്‍ മനീഷ മനീഷ്, ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലര്‍ സന്തോഷ് ബോബന്, മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മഴ കനത്തതോടെ വെള്ളാങ്കല്ലൂര്‍ മേഖലയിലെ പാടശേഖരങ്ങള്‍ വെള്ളക്കെട്ടിലായി. തോടുകള്‍ പലയിടത്തും കവിഞ്ഞൊഴുകുന്ന നിലയിലാണ്. ആനയ്ക്കല്ച്ചിറ തോട് പൊട്ടി ആനയ്ക്കല്‍ പാടശേഖരത്തിലെ നാലേക്കര്‍ നെല്‍കൃഷി വെള്ളത്തിലായി. പാടശേഖരത്തിലെ ഒരുഭാഗം മുഴുവന്‍ തോട്ടിലൂടെ കുത്തിയൊലിച്ചുവന്ന കല്ലും മണ്ണും നിറഞ്ഞ നിലയിലാണ്. പൈങ്ങോട് കല്ലേരിപ്പാടം റോഡിലും വെള്ളം കയറി.