ഇരിങ്ങാലക്കുട ബൈപാസ് റോഡില്‍ കട്ടവിരിക്കാന്‍ പണിതുടങ്ങി
ഇരിങ്ങാലക്കുട: ബൈപാസ് റോഡില്‍ തകര്‍ന്നു കുഴികളായിക്കിടക്കുന്ന ഭാഗത്ത് കട്ടവിരിക്കുന്ന പണികള്‍ക്കു തുടക്കമായി. ടാറിടല്‍ കൊണ്ടു ഫലമില്ലാത്തതിനെത്തുടര്ന്നാണു നഗരസഭ ഇവിടെ കട്ട വിരിക്കുന്നത്. ഇതിന്റെ ഭാഗമായി മെറ്റലിട്ടു ലെവല്‍ ചെയ്യുന്ന ജോലികളാണ് ആരംഭിച്ചിരിക്കുന്നത്. അഞ്ചു ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണു 20 മീറ്ററോളം വരുന്ന സ്ഥലത്തു കട്ടകള്‍ വിരിക്കുന്നത്. കാട്ടൂര്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്കു തിരക്കേറിയ ബസ് സ്റ്റാന്‍ഡ് വഴി പോകാതെ എളുപ്പം ഠാണാവിലേക്ക് എത്തുന്നതിനായിട്ടാണു സമാന്തരമായി ബൈപാസ് റോഡ് നിര്‍മിച്ചത്. ദിനംപ്രതി ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ മധ്യത്തില്‍ മീറ്ററുകളോളം തകര്‍ന്നുകിടക്കുന്നതു കാലങ്ങളായി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് ഈ ഭാഗത്തു വലിയ മെറ്റലുകളിട്ടു കുഴികളടയ്ക്കുകയാണു ചെയ്തിരുന്നത്. റോഡിന്റെ ബാക്കി സ്ഥലം ടാറിട്ടപ്പോള്‍ ഈ ഭാഗം ഒഴിവാക്കിയതു സാമൂഹികമാധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ചയാകുകയും ചെയ്തു. മഴ പെയ്തു നിറയുന്ന വെള്ളം ഒഴുകിപ്പോകാന്‍ പാകത്തിനു കാനയില്ലാത്തതാണ് ഈ അവസ്ഥയ്ക്കു കാരണമെന്നാണു ജനങ്ങള്‍ ആരോപിക്കുന്നത്. ബൈപാസ് റോഡിന് ഇരുവശത്തും കാന നിര്‍മിക്കുമെന്നു കഴിഞ്ഞ ഭരണസമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിയൊന്നുമായില്ല.