എടതിരിഞ്ഞി സെന്ററിലുള്ള ജലസംഭരണി തകര്‍ച്ചാഭീഷണിയില്‍
ഇരിങ്ങാലക്കുട: എടതിരിഞ്ഞി സെന്ററിലുള്ള വാട്ടര്‍ അഥോറിറ്റി ജലസംഭരണി തകര്‍ച്ചാഭീഷണിയില്‍. കാറളം പടിയൂര്‍ ശുദ്ധജലപദ്ധതിയുടെ അനുബന്ധമായി പടിയൂരിലുള്ള 1986 ല്‍ കമ്മീഷന് ചെയ്ത 3700 ലക്ഷത്തോളം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണു കാലപ്പഴത്താല്‍ തകര്‍ച്ചയിലായിരിക്കുന്നത്. കോണ്‍ക്രീറ്റ് ചെയ്ത തൂണുകളും ടാങ്കിന്റെ അടിഭാഗവും പൊട്ടിപ്പൊളിഞ്ഞ് അടര്‍ന്ന് വീണുകൊണ്ടിരിക്കുകയാണ്.
തകര്‍ന്ന ഭാഗങ്ങളില്‍ കമ്പിതെളിഞ്ഞു പുറത്തു കാണാവുന്ന തരത്തിലുള്ള കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്നതിനാല്‍ ഓപ്പറേറ്റര്‍ അടക്കമുള്ളവര്‍ ടാങ്കിന്റെ സമീപത്ത് നില്‍ക്കാറില്ല. പണിതീര്ന്നതില് പിന്നെ ടാങ്കിന്റെ അറ്റകുറ്റപ്പണികള്‍ ഇതുവരെയും നടത്തിയിട്ടില്ലെന്നു ജീവനക്കാരും സമീപവാസികളും പറയുന്നു. ടാങ്കിനു മുകളിലേക്കു കയറാനുള്ള കമ്പിയേണി അടര്‍ന്നുവീഴാവുന്ന സ്ഥിതിയിലാണ്. ടാങ്കിനു മുകളിലേക്കു കയറാന്‍ ഇവിടെ ആര്‍ക്കും സാധിക്കാത്തതിനാല്‍ നിലവില്‍ മൂന്നു വര്‍ഷത്തോളമായി ഈ ടാങ്ക് വൃത്തിയാക്കിയിട്ടില്ല. മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന വെള്ളമാണു ഇവിടെ നിന്നു വര്‍ഷങ്ങളായി കുടിവെള്ളമെന്ന പേരില്‍ വിതരണം ചെയ്യുന്നത്. ഇത്രയും ദുര്‍ബലമായ ടാങ്കില്‍ നബാര്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കിയ സമ്പൂര്‍ണ കുടിവെള്ള പദ്ധതിപ്രകാരം പടിയൂരിലെത്തുന്ന കുടിവെള്ളം കൂടി നിലവില്‍ സംഭരിക്കുന്നുണ്ട്. ടാങ്ക് ഇത്രയും ദുര്‍ബലമായതു വാട്ടര്‍ അഥോറിറ്റി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തി അടിയന്തരമായി അറ്റകുറ്റപ്പണിയെങ്കിലും നടത്തിയില്ലെങ്കില്‍ വന്‍ദുരന്തത്തിനു സാധ്യത ഏറെയാണ്.
2018 ലെ പ്രളയത്തില്‍ വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ ടാങ്ക് തെക്കുവശത്തേക്കു ചെരിഞ്ഞതായ സംശയത്തെ തുടര്‍ന്ന് വാട്ടര്‍ അഥോറിറ്റി ജില്ലാ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സി.കെ. സജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. നാട്ടുക്കാരുടെ ശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് വാട്ടര്‍ അഥോറിറ്റി അധികൃതര്‍ക്കു കത്തുനല്‍കി. ജലസംഭരണിക്കു ബലക്കുറവില്ലെന്നും അറ്റകുറ്റപണികള്‍ നടത്താനുണ്ടെന്നുമാണു വാട്ടര്‍ അഥോറിറ്റി അധികൃതര്‍ പറയുന്നത്. അറ്റകുറ്റപണികള്‍ക്കായുള്ള ക്വട്ടേഷന്‍ കരാറുകാര്‍ ആരും ഏറ്റെടുക്കുവാന്‍ തയാറാകാത്ത സാഹചര്യമാണുണ്ടായതെന്നും അധികൃതര്‍ പറഞ്ഞു.